നിയമസഭ പാസാക്കുന്ന ഒരു നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറായി ഗവർണറെ നിയമിക്കുന്നത്. വേണമെങ്കിൽ ആ ചാൻസലർ പദവി വേണ്ടെന്ന് വെക്കാൻ നിയമസഭയ്ക്ക് സാധിക്കും. അതിന് ഞങ്ങളെ നിർബന്ധിക്കരുതെന്നും കാനം പ്രതികരിച്ചു.
ഗവർണർ പദവി തന്നെ അനാവശ്യമായ ആർഭാടമാണെന്ന് വിശ്വസിക്കുന്ന ഒരു പാർട്ടിയുടെ പ്രവർത്തകനാണ് ഞാൻ. കാർഷിക നിയമവും പൗരത്വനിയമവും പറഞ്ഞ് ഗവർണർ ഇപ്പോൾ എവിടെയെത്തിയെന്ന് കാണുക. മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ശ്രമമാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും കാനം വ്യക്തമാക്കി.
ആശയവിനിമയം നടത്തുമ്പോൾ രഹസ്യം സൂക്ഷിക്കുക എന്നതാണ് മാന്യത. ആ മാന്യത ലംഘിച്ചത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് പല കാര്യങ്ങളും പരസ്യമായി പറയേണ്ടിവന്നത്. ചാൻസലർ പദവിയിൽ ഗവർണറെ മാടാൻ സർക്കാരിന് ആലോചനയില്ല. പക്ഷേ, അതിന് നിർബന്ധീക്കരുതെന്നും കാനം പറഞ്ഞു.
ഗവർണറുടെ നിലപാട് ദുരൂഹമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. “സമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുമാനമെടുക്കേണ്ട ആളല്ല ഗവർണർ. വിവേചനാധികാരമുള്ള ഗവർണർ ഒപ്പിട്ട ശേഷം അത് മാറ്റിപ്പറയുന്നത് ദുരൂഹമാണ്. ഗവർണർക്ക് മേൽ സർക്കാർ സമ്മർദ്ദം ചെലുത്തിയിട്ടില്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അത് അദ്ദേഹം ഇപ്പോൾ നിർവഹിച്ച് കൊണ്ടിരിക്കുന്നു. അതിനെതിരെ സർക്കാർ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല” – എന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളിലെ ഗവർണർ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണർ പ്രകടിപ്പിച്ച ആശങ്കകൾക്ക് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. “ചാന്‍സിലര്‍ അദ്ദേഹത്തിന്‍റെ മനഃസാക്ഷിക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ആവശ്യപ്പെട്ടിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണമാണ് എൽഡിഎഫിന്റെ നയം. ഉന്നതവിദ്യാഭ്യാസ രംഗത്തെ ശാക്തീകരണം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയമാണ്. ഈ മേഖല ഇന്നുള്ളതിൽ നിന്ന് മുന്നോട്ടു പോകണമെന്നും കൂടുതൽ ശാക്തീകരിക്കണമെന്നും സർക്കാരിനും ഗവർണർക്കും ഒരേ അഭിപ്രായമാണ്. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഇത് പറഞ്ഞിട്ടുണ്ട്” – എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമണ്ഡലത്തിലും പത്രമാധ്യമങ്ങളിലും തുടര്‍ച്ചയായി വാര്‍ത്തകള്‍ വരുകയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ചില പ്രതികരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന വിധം മാധ്യമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജന സമക്ഷത്തില്‍ വന്ന ചില പ്രശ്നങ്ങളില്‍ വ്യക്തത വരുത്തുക എന്നത് ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്‍റെ കടമയാണ്. ആ നിലയിലാണ് ഈ കാര്യങ്ങള്‍ ഇവിടെ പറയാന്‍ ആലോചിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.