മതത്തിന് തീകൊടുക്കുന്ന ലീഗ് എന്ന പേരിലെഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ ചോദ്യങ്ങൾ. വഖഫ് വിഷയത്തിൽ ലീഗിന്റെ ആശങ്ക പങ്കുവെക്കാൻ കോഴിക്കോട് കടപ്പുറത്ത് ചേർന്ന യോഗത്തിൽ മിക്ക പ്രാസംഗികരും മതത്തിന് തീ കൊടുക്കുന്ന അപക്വവും അബദ്ധജടിലവുമായ വാചാടോപങ്ങളാണ് നടത്തിയത്. വഷളത്തരങ്ങളുടെ കെട്ടഴിക്കാൻ നവ നേതൃത്വം പരസ്പരം മത്സരിക്കുകയായിരുന്നു. വഖഫ് ബോർഡിലെ സ്റ്റാഫ് നിയമനം പിഎസ്സിയ്ക്ക് വിട്ടതിൽ ലീഗിനുള്ള ‘ആശങ്ക’ ലീഗിനെ അറിയുന്ന എല്ലാവർക്കും അനായാസം മനസ്സിലാകുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
Also Read :
“കേരളം പോലെ സർവ്വ ജനവിഭാഗങ്ങളും അവരവരുടെ വിശ്വാസങ്ങളിൽ അടിയുറച്ച് സഹജീവിയുടെ സുഖദു:ഖങ്ങളിൽ താങ്ങും തണലുമായി ജീവിക്കുന്ന കേരളമണ്ണിൽ അപരന്റെ കുടുംബ ജീവിതത്തെ സ്വന്തം വിശ്വാസത്തിന്റെ അളവുകോലിലൂടെ അപഗ്രഥിച്ച് മുസ്ലിമല്ലാത്തവന്റെ ദാമ്പത്യ ബന്ധങ്ങളെ ‘വ്യഭിചാരമായി’ ചിത്രീകരിക്കുന്ന കല്ലായ മനസ്സുകൾ എത്രമേൽ മ്ലേഛമാണ്.’ മന്ത്രി ചോദിച്ചു.
Also Read :
ഒരു സമ്മേളനത്തിൽ ഇത്രപരസ്യമായി ഒരു പ്രയാസവുമില്ലാതെ പച്ചക്ക് ‘വർഗീയത’ വിളിച്ചു പറയുന്നുവെങ്കിൽ ഇവരുടെ അടഞ്ഞ മുറികളിലെ കൂടിച്ചേരലുകളിൽ വമിപ്പിക്കുന്ന മതാന്ധതയുടെയും, പരമത വിദ്വേശത്തിന്റെയും കാഠിന്യം ഒന്ന് ഊഹിച്ചു നോക്കണമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിശുദ്ധ ഇസ്ലാമിന്റെ സ്നേഹ സന്ദേശങ്ങളെ ലീഗിന്റെ കച്ചവട രാഷ്ട്രീയത്തിന്ന് മറയാക്കുന്ന അപകടകരമായ കളിയിൽനിന്നും ലീഗ് പിന്മാറണം. സ്വയംകൃതാനർത്ഥത്താൽ അടിവേര് നഷ്ടപ്പെട്ട ലീഗിന് ഇഷ്ടാനുസൃതം പന്താടാനുള്ളതല്ല ഇസ്ലാമും ഇസ്ലാമിക ശരീഅത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.