കൊച്ചി: ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായ മഞ്ജു വാര്യരെ കാണണമെന്ന ആഗ്രഹം പൂർത്തീകരിച്ചിരിക്കുകയാണ് ദേശീയപാതയിലെ കുമ്പളം ടോൾപ്ലാസയിൽ ഫാസ്ടാഗ് വിൽക്കുന്ന ഷെഹ്രീൻ അമാൻ. ഒൻപതാം ക്ലാസ്സുകാരിയായ ഷെഹ്രീൻമാതൃഭൂമി ഡോട്ട് കോമിനോട് ജീവിതം പറയുന്നതിനിടെയാണ് തന്റെ ആഗ്രഹം പറഞ്ഞിരുന്നത്. വാർത്ത കണ്ട മഞ്ജു വാര്യർ ഷെഹ്രീനെകാണാനായി എത്തുകയായിരുന്നു.
മാതൃഭൂമി ഓൺലൈനിലെ വാർത്തയിലൂടെയാണ് ചേച്ചി എന്നെപ്പറ്റി അറിഞ്ഞത്. മഞ്ജു ചേച്ചിയെ കണ്ടു, അടുത്തിരുന്നു. തളരരുത് എന്നൊക്കെ എന്നോട് പറഞ്ഞു. ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. എനിക്ക് ഒരു സമ്മാനവും തന്നു. മഞ്ജു ചേച്ചിയെ കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇത്ര പെട്ടന്ന് സാധിക്കുമെന്ന് കരുതിയിരുന്നില്ല. ഇപ്പോൾ ഭയങ്കര സന്തോഷത്തിലാണ്,ഷെഹ്രീൻ പറഞ്ഞു.
എന്തുവന്നാലും പൊരുതി ജയിച്ച പെണ്ണുങ്ങളേ ഉള്ളു. ഉമ്മയോടൊപ്പം നിൽക്കുക. ഇപ്പോൾ തന്നെ ഇത്രയും കാര്യങ്ങൾ ചെയ്യുന്നില്ലേ, ധൈര്യമായി മുന്നോട്ട് പോകൂഎന്ന് മഞ്ജു വാര്യർ ഷെഹ്രീനോട് പറഞ്ഞു.
ജന്മനാ വൈകല്യംബാധിച്ച കുഞ്ഞനുജനുണ്ട് വീട്ടിൽ. വീടുനോക്കാൻ ഉമ്മക്ക് ഒറ്റക്ക് ആവില്ലെന്ന് മനസ്സിലാക്കിയപ്പോൾ ചെറുപ്രായത്തിൽതന്നെ അമ്മയെസഹായിക്കാൻ തയ്യാറായതാണ് ഷെഹ്രീൻ. റോഡരികിലെ തട്ടുകടയിൽ കുലുക്കി സർബത്ത് വിറ്റും ഇപ്പോൾ ഫാസ്റ്റാഗ് വിറ്റും ഉമ്മയെ സഹായിക്കുകയാണ് ഈ മിടുക്കി. ഹൈവേയിൽ ഫാസ്ടാഗ് വിൽക്കാൻ ഇറങ്ങാമെന്ന് പറഞ്ഞപ്പോൾ ചെറിയ ആശങ്കയുണ്ടായിരുന്നു എന്ന് ഉമ്മ സമ്മതിക്കുന്നു.
സുഖമില്ലാത്ത അനുജനുംഅമ്മക്കുമൊപ്പം സ്വന്തം വീട്ടിൽ കഴിയണമെന്നതാണ് ഷെഹ്രീന്റെ ആഗ്രഹം. ഒപ്പം സിനിമ മോഹവുമുണ്ട് ഷെഹ്രീന്. കുമ്പളം ആർ.പി.എം. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ഷെഹ്രീൻ.
Content Highlights: Fastag selling girl shehreen