കൊല്ലം: ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഏതുവിധേനെയും അധികാരത്തിലെത്താൻ ആഗ്രഹിക്കുന്ന ഹിന്ദുത്വവാദികളുടേതല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞത് കോൺഗ്രസ് നിലപാട് തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തിലും തങ്ങൾ ആ നിലപാട് തന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് തന്നെയല്ലേ ആർഎസ്എസും പറയുന്നതെന്ന ചോദ്യത്തിന് സതീശൻ മറുപടി നൽകി.
ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നാണ് രാഹുൽ പറഞ്ഞത്. ഹിന്ദു എന്നത് ഒരു ജീവിത ക്രമമാണ്. ഹിന്ദുത്വ എന്നത് രാഷ്ട്രീയ അജണ്ടയാണ്. ഞാൻ ഹിന്ദുമത വിശ്വാസിയാണ്. ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന ആളാണ്. അങ്ങനെയിരിക്കുമ്പോൾ മറ്റൊരു മതവിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്താൽ ഞങ്ങൾ വിമർശിക്കും. അതാണ് ഇന്ത്യൻ മതേതരത്വത്തിന്റെ പൂർണ്ണമായ അർത്ഥം. ആ അർത്ഥത്തിൽ തന്നെയാണ് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. അതിനെ സംഘപരിവാറിന്റെ രീതിയിലാക്കാനൊന്നും ആരും ശ്രമിക്കേണ്ട. അദ്ദേഹം പറഞ്ഞത് കോൺഗ്രസ് നയം തന്നെയാണ് സതീശൻ പറഞ്ഞത്.
രാഹുൽ ഗാന്ധി പറഞ്ഞത് എന്താണെന്ന് തങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. അത് കോൺഗ്രസിന്റെ ലൈൻ തന്നെയാണ്. അതിനെ ഒരാളും തെറ്റായി വ്യാഖ്യാനിക്കേണ്ട. അത് തന്നെയാണ് തങ്ങൾ കേരളത്തിലും സംസാരിക്കാൻ പോകുന്നതെന്നും സതീശൻ പറഞ്ഞു. വിലക്കയറ്റത്തിനെതിരേ രാജസ്ഥാനിലെ ജയ്പുരിൽ കോൺഗ്രസ് നടത്തിയ റാലിയിൽ പ്രസംഗിക്കവെയാണ് രാഹുൽ ഗാന്ധിയുടെ ഹിന്ദുവും ഹിന്ദുത്വവാദിയും പ്രസ്താവന.
കേരളത്തിലെ പോലീസിൽ ആർഎസ് എസ് നുഴഞ്ഞുകയറ്റമുണ്ടെന്ന സിപിഐ ദേശീയ നേതാക്കളുടെ പ്രസ്താവന ശരിവെക്കുന്നതാണ് ആലുവയിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്ന സംഘപരിവാർ ശക്തികളാണെന്നും പേരുകൾ നോക്കിയാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.