ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻമാരെ പെനൽറ്റി രക്ഷിച്ചു. നോർവിച്ച് സിറ്റിയെ മാഞ്ചസ്റ്റർ യുണെെറ്റഡ് പെനൽറ്റി ഗോളിലാണ് മറികടന്നത്.
പട്ടികയിലെ അവസാന സ്ഥാനക്കാരായ നോർവിച്ചിനെതിരെ കളിയുടെ അവസാനഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ പെനൽറ്റി ഗോളിലാണ് യുണെെറ്റഡ് ജയം നേടിയത് (1–0).
ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റി, രണ്ടാംസ്ഥാനക്കാരായ ലിവർപൂൾ, മൂന്നാമതുള്ള ചെൽസി ടീമുകളെല്ലാം പെനൽറ്റി ഗോളിലാണ് ജയിച്ചത്. റാൽഫ് റാങ്ക്നിക്കിനുകീഴിൽ വീണ്ടുമൊരു ജയം കുറിച്ചെങ്കിലും യുണെെറ്റഡിന്റെ പ്രകടനം മികച്ചതായില്ല. ഗോൾ കീപ്പർ ഡേവിഡ് ഡെഗെയയുടെ പ്രകടനമാണ് അവരെ രക്ഷിച്ചത്. കളിയുടെ 75–ാം മിനിറ്റിൽ റൊണാൾഡോയുടെ പെനൽറ്റി യുണെെറ്റഡിന് ജയം നൽകി.
സിറ്റി റഹീം സ്റ്റെർലിങ്ങിന്റെ പെനൽറ്റി ഗോളിൽ വൂൾവ്സിനെ മറികടന്നു. ലിവർപൂൾ മുഹമ്മദ് സലായുടെ പെനൽറ്റി ഗോളിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തി. ജോർജീന്യോയുടെ ഇരട്ട പെനൽറ്റി ഗോളുകളാണ് ലീഡ്സ് യുണെെറ്റഡിനെതിരെ ചെൽസിക്ക് ജയമൊരുക്കിയത് (3–2).