കൊച്ചി
പ്രൈം വോളിബോൾ ലീഗിന്റെ താരലേലം നാളെ കൊച്ചിയിൽ നടക്കും. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി 400 കളിക്കാരാണ് ലേലത്തിൽ. ഏഴ് ഫ്രാഞ്ചൈസികളാണ് മത്സരിക്കുക. കലിക്കറ്റ് ഹീറോസ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, ചെന്നൈ ബ്ലിറ്റ്സ്, ബംഗളൂരു ടോർപിഡോസ്, കൊൽക്കത്ത തണ്ടർബോൾട്ട് ടീമുകളാണ്. ഓരോ ഫ്രാഞ്ചൈസിക്കും 14 താരങ്ങളെ തെരഞ്ഞെടുക്കാം. അതിൽ 12 ഇന്ത്യൻ കളിക്കാരും രണ്ട് വിദേശകളിക്കാരും ഉൾപ്പെടും.
അശ്വൽ റായ്, സി അജിത്ലാൽ, ജി എസ് അഖിൻ, ദീപേഷ് കുമാർ സിൻഹ, ജെറോം വിനീത്, എ കാർത്തിക്, നവീൻ രാജ ജേക്കബ്, വിനീത് കുമാർ എന്നിവർ ഉൾപ്പെടെയുള്ള ഇന്ത്യയിലെ മുൻനിര വോളിബോൾ താരങ്ങൾ പ്ലാറ്റിനം വിഭാഗത്തിലായിരിക്കും. ഗോൾഡ് വിഭാഗത്തിൽ 33 താരങ്ങളുണ്ട്. സിൽവർ (141), ബ്രോൺസ് (205) എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിലെ കളിക്കാരുടെ എണ്ണം. അണ്ടർ 21 വിഭാഗത്തിൽ 23 താരങ്ങൾ ലേലത്തിൽ മത്സരിക്കും. ഡേവിഡ് ലീ (അമേരിക്ക), ലൂയിസ് അന്റോണിയോ ഏരിയാസ് ഗുസ്മാൻ (വെനസ്വേല) എന്നിവർ ഉൾപ്പെടെ നിരവധി രാജ്യാന്തര താരങ്ങളുമുണ്ട്.