രാജ്കോട്ട്
വിജയ് ഹസാരെ ട്രോഫിക്കായുള്ള ഏകദിന ക്രിക്കറ്റിൽ കേരളം ജയം തുടരുന്നു. ഛത്തീസ്ഗഢിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. സ്കോർ: ഛത്തീസ്ഗഢ് 189 (46.2), കേരളം 5–-193 (34.3).
നാലിൽ മൂന്നു കളി ജയിച്ച് എലൈറ്റ് ഡി ഗ്രൂപ്പിൽ കേരളം ഒന്നാമതാണ്. കേരളത്തിനൊപ്പം മഹാരാഷ്ട്രയ്ക്കും മധ്യപ്രദേശിനും 12 പോയിന്റുണ്ട്. റൺനിരക്കിലാണ് കേരളം ഒന്നാമതെത്തിയത്. നാളെ ഉത്തരാഖണ്ഡുമായാണ് അവസാനത്തെ കളി.
ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഢിനെ സ്പിന്നർ സിജോമോൻ ജോസഫ് തളച്ചു. സിജോമോൻ 10 ഓവറിൽ 33 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. ബേസിൽ തമ്പിക്കും നിധീഷിനും രണ്ട് വിക്കറ്റുവീതമുണ്ട്. വിനൂപ് മനോഹരൻ ഒരു വിക്കറ്റ് നേടി. ഛത്തീസ്ഗഢ് നിരയിൽ ക്യാപ്റ്റൻ ഹർപ്രീത് സിങ്ങിന് (98) പിന്തുണ നൽകാൻ ആളില്ലാതെപോയി.
കേരളത്തിന് ഓപ്പണർമാരായ രോഹൻ കുന്നുമ്മലും (36) മുഹമ്മദ് അസ്ഹറുദീനും (45) മികച്ച തുടക്കമാണ് നൽകിയത്. 54 റണ്ണുമായി വിനൂപ് മനോഹരനും 26 റണ്ണുമായി വിഷ്ണു വിനോദും വിജയത്തിലേക്ക് നയിച്ചു. സഞ്ജു സാംസണും (0) സചിൻ ബേബിയും (4) തിളങ്ങിയില്ല. സിജോമോൻ 27 റൺ നേടി.