തിലക് മെെതാൻ
കരുത്തരായ ഒഡിഷ എഫ്സിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായെത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളുമായി സമനിലയിൽ കുരുങ്ങി. ഐഎസ്എൽ ഫുട്ബോളിൽ 1–1 നാണ് ബ്ലാസ്റ്റേഴ്സ്–-ഈസ്റ്റ് ബംഗാൾ മത്സരം അവസാനിച്ചത്. കളിയിൽ മേധാവിത്തം നേടിയിട്ടും വിജയഗോൾ നേടാൻ ഇവാൻ വുകാമനോവിച്ചിന്റെ സംഘത്തിന് കഴിഞ്ഞില്ല.
ഈസ്റ്റ് ബംഗാൾ പ്രതിരോധക്കാരൻ തോമിസ്ലാവ് മെർസലയുടെ ഗോളിൽ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് പിന്നിലായി. ബോക്സിൽവച്ച് ഹെഡറിലൂടെ മെർസല ഗോൾ നേടുകയായിരുന്നു. പ്രതിരോധക്കാരൻ എനെസ് സിപോവിച്ചിന്റെ പിഴവാണ് ഗോളിൽ കലാശിച്ചത്. ആദ്യപകുതി അവസാനിക്കുംമുമ്പ് സിപോവിച്ച് പരിക്കേറ്റ് മടങ്ങുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ പെട്ടെന്ന് എത്തി. അൽവാരോ വാസ്-കസിന്റെ തകർപ്പൻ ഷോട്ട് മെർസലയുടെ തലയിൽ തട്ടി വലയിൽ വീണു.
ഇതോടെ അഞ്ച് കളിയിൽ ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാമതെത്തി. മൂന്ന് സമനിലയും ഒരു ജയവും തോൽവിയുമാണ്. കളിയിലുടനീളം ബ്ലാസ്റ്റേഴ്സ് നല്ല നീക്കങ്ങൾ നടത്തി. അഡ്രിയാൻ ലൂണയും വാസ്കസും ഈസ്റ്റ് ബംഗാൾ പ്രതിരോധത്തെ പരീക്ഷിച്ചു. പരിക്കേറ്റ ആൽബിനോ ഗോമെസിനുപകരം പ്രഭ്സുഖൻ സിങ്ങാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായത്. രണ്ട് തകർപ്പൻ സേവുകൾ നടത്തി പ്രഭ്സുഖൻ.
കളിയുടെ തുടക്കത്തിൽ വാസ്കസിലൂടെ ഗോളടിച്ചു. റഫറി അനുവദിക്കുകയും ചെയ്തു. എന്നാൽ, ഈസ്റ്റ് ബംഗാൾ താരത്തിന്റെ കൈയിൽ പുയ്ട്ടിയുടെ ഷോട്ട് തട്ടിയതിനാൽ ഗോൾ പിൻവലിക്കുകയായിരുന്നു. 19ന് മുംബെെ സിറ്റി എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.