കണ്ണൂര്‍ > കോഴിക്കോട് മുസ്ലിം ലീഗ് സംഘടിപ്പിച്ച സമ്മേളനത്തില്‍ നേതാക്കള്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ലീഗിന്റെ സംസ്കാരമാണ് കോഴിക്കോട്ട് കണ്ടതെന്ന് പിണറായി പറഞ്ഞു. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം. ആദ്യം അതാണ് വേണ്ടത്. കുടുംബത്തില്‍നിന്ന് സംസ്കാരം തുടങ്ങണം. ലീഗിന്റെ കാലിന്റെ അടിയിലെ മണ്ണ് ഒഴുകിപോകുന്നതിന് മറ്റുമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ട് കാര്യമില്ലെന്നും പിണറായി പറഞ്ഞു. സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് സമാപനംകുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെത്തുകാരന്റെ മകനെന്ന് കേട്ടാല്‍ തനിക്ക് വല്ലാത്ത വിഷമമായിപോകും എന്നാണോ ലീഗ് കരുതിയതെന്ന് പിണറായി ചോദിച്ചു. ‘ലീഗിന് എന്തിനാണ് ഇത്ര അസഹിഷ്ണുത. വഖഫ് ബോര്‍ഡ് നിയമനകാര്യവുമായി ബന്ധപ്പെട്ട്, എന്റെ ഹൈസ്കൂള്‍ കാലത്ത് മരണപ്പെട്ട അച്ഛനെ പറയുന്നത് എന്തിനാണ് ? അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്? ചെത്തുകാരന്റെ മകനായ വിജയനെന്ന നിലയില്‍ അഭിമാനമാണുള്ളതെന്ന് മുന്‍പും ഞാന്‍ പറഞ്ഞിട്ടുണ്ട്. – പിണറായി പറഞ്ഞു.
സാധാരണ യുഡിഎഫ് രാഷ്ട്രീയത്തില്‍നിന്ന് വ്യത്യസ്തമായി കാര്യങ്ങള്‍ നീക്കുകയാണ് ലീഗ്. സംസ്ഥാനത്ത് വലിയരീതിയലുള്ള വര്‍ഗീയ വികാരം ഇളക്കിവിടാനാണ് ശ്രമം. എല്ലാ കാലത്തും ലീഗ് തെറ്റായകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ പഴയ കാലമല്ലിത്. നാല് വോട്ട് കിട്ടാന്‍വേണ്ടി കള്ളങ്ങള്‍ പടച്ചുവിടുന്ന രീതി ലീഗിന് നേരത്തേയുണ്ട്. നിസ്കാരപായയുടെ പേരില്‍ വ്യാജപ്രചരണം നടത്തി ഒരു യുവാവിനെ വെട്ടിക്കൊന്നതാണ് പണ്ട്. പക്ഷേ, ഇപ്പോള്‍ ജനങ്ങള്‍ക്കും ലീഗ് അണികള്‍ക്കും കാര്യങ്ങള്‍ മനസിലായി. നേരെയുള്ള നിലപാട് സ്വീകരിക്കണം, കാപട്യവും കൊണ്ട് നടക്കരുത്.
ലീഗ് രാഷ്ട്രീയപാര്ടിയാണോ മതസംഘടനയാണോ എന്ന് താന്‍ ചോദിച്ചത് ലീഗ് നേതാക്കളെ ഹാലിളക്കിയിട്ടുണ്ട്. കോഴിക്കോട്ട് ലീഗ് നടത്തിയ സമ്മേളനം കണ്ട് അതാണ് മുസ്ലിം വികാരം എന്ന് തെറ്റിധരിക്കുന്ന സര്‍ക്കാരല്ല ഇവിടുള്ളതെന്ന് ഓര്‍ക്കണം. ലീഗ് ചെയ്യുന്നത് ആരും വകവെക്കാന്‍ പോകുന്നില്ല. മലപ്പുറത്തെ എല്‍ഡിഎഫ്- യുഡിഎഫ് വോട്ടിങ് ശതമാനം എത്രയാണെന്ന് നോക്കിയാല്‍ മനസിലാകും ലീഗിന്റെ കാലിന്റെ അടിയിലെ മണ്ണ് ഒഴികിപ്പോകുകയാണെന്ന്. – പിണറായി പറഞ്ഞു.