പഴയങ്ങാടി (കണ്ണൂർ)
കാലിനടിയിലെ മണ്ണ് ചോരുന്നതിന് മറ്റു നിലപാടല്ല മുസ്ലിംലീഗ് സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരെ കാര്യങ്ങളുമായി പോകണം. കാപട്യമല്ല വേണ്ടത്. വിരട്ടൽകൊണ്ട് കാര്യംനേടാമെന്ന് ലീഗ് കരുതേണ്ടെന്നും സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളന സമാപന പൊതുസമ്മേളനം ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിംലീഗ് സാധാരണ യുഡിഎഫ് രാഷ്ട്രീയത്തിൽനിന്ന് വ്യത്യസ്തമായി പോകുന്നു. വർഗീയവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് കഴിഞ്ഞദിവസം ചോദിച്ചത്, നിങ്ങൾ രാഷ്ട്രീയ സംഘടനയാണോ മതസംഘടനയാണോ എന്ന്. മുസ്ലിംവിഭാഗത്തിൽ അംഗീകാരമുള്ള മതസംഘടനകൾക്ക് സർക്കാർ പറയുന്നത് ബോധ്യപ്പെട്ടു. ലീഗിനുമാത്രം വിശ്വാസം വരുന്നില്ല. ലീഗിന്റെ മാനസികാവസ്ഥ കാരണമാണത്.
മുസ്ലിംലീഗുപോലുള്ള പാർടിക്ക് പൊതുസമ്മേളനത്തിൽ ആളെക്കൂട്ടാൻ പണിയൊന്നുമില്ലെന്ന് എല്ലാവർക്കുമറിയാം. ആ ജനക്കൂട്ടംകണ്ട് അത് മുസ്ലിം വികാരമാണെന്ന് തെറ്റിദ്ധരിക്കരുത്. അങ്ങനെ തെറ്റിദ്ധരിക്കുന്നവരല്ല ഇവിടെയുള്ളത്. ആ കാലം കഴിഞ്ഞു. മുസ്ലിം ജനവിഭാഗത്തിനാകെ ഈ സർക്കാരിനെ വിശ്വാസമാണ്. കാരണം ഞങ്ങളുടെ നിലപാടുകളാണ്. ഏതൊരു വർഗീയപ്രശ്നം വരുമ്പോഴും മതനിരപേക്ഷ നിലപാടുമായി ആദ്യം പ്രതികരിക്കുന്നത് കേരളമാണ്. അത് ഹൃദയംതൊട്ടറിഞ്ഞവരാണ് മുസ്ലിം സഹോദരങ്ങൾ. നിങ്ങൾ പറയുന്നത് അപ്പടി വിഴുങ്ങുന്നവരല്ല അവർ. നിങ്ങളിലുള്ള വിശ്വാസക്കുറവാണ് അതിനടിസ്ഥാനം.
ആൾക്കൂട്ടത്തെ കണ്ടപ്പോൾ കോഴിക്കോട്ട് ചില നേതാക്കൾ പ്രമുഖ നേതാക്കളെ വേദിയിലിരുത്തി പ്രകടിപ്പിച്ചത് നിങ്ങളുടെ സംസ്കാരമാണ്. നേതാക്കളുടെ വാക്കിലെ അസഹിഷ്ണുത എന്തിനാണ്. എന്റെ ഹൈസ്കൂൾ കാലത്ത് മരിച്ച അച്ഛൻ എന്ത് തെറ്റുചെയ്തു? ചെത്തുകാരനായതാണോ പ്രശ്നം. അതിൽ അഭിമാനം കൊള്ളുന്നുവെന്ന് പലതവണ പറഞ്ഞത് ആവർത്തിക്കുന്നു. അവിടെ പറഞ്ഞ മറ്റു കാര്യങ്ങൾ നിങ്ങളുടെ സംസ്കാരത്തെ കാണിക്കുന്നു. നിങ്ങൾ കണ്ടുപഠിച്ചതും ശീലിച്ചതും നിങ്ങൾ പറയുന്നു. ഒറ്റ കാര്യമേ പറയാനുള്ളൂ–-അമ്മയെയെയും പെങ്ങളെയും തിരിച്ചറിയണം. കുടുംബത്തിൽനിന്ന് സംസ്കാരം തുടങ്ങണം–- മുഖ്യമന്ത്രി ഓർമിപ്പിച്ചു.