എരിപുരം (കണ്ണൂർ)
മൂന്നുനാൾ നീണ്ട സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം. ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ ജില്ലാ ഘടകത്തിന്റെ സമ്മേളനം കരുത്തും സംഘബോധവും വിളിച്ചോതി. മാടായി ഏരിയയിൽ ആദ്യമായി നടന്ന സമ്മേളനം ബഹുജന പങ്കാളിത്തത്തിലും സംഘാടനമികവിലും കരുത്തുതെളിയിച്ചു. കേന്ദ്രീകരിച്ച പ്രകടനവും റാലിയും തീരുമാനിച്ചിരുന്നില്ലെങ്കിലും സമാപന പൊതുസമ്മേളനം ജനസാഗരമായി. ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്ന ജില്ലയെന്ന നിലയിൽ സംസ്ഥാനത്ത് ആദ്യംനടന്ന ജില്ലാ സമ്മേളനമാണിത്.
250 പ്രതിനിധികളും 53 ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 319 പേർ പങ്കെടുത്തു. 40 പേർ 40 വയസ്സിൽതാഴെയുള്ളവരും നാലുപേർ 25 വയസ്സിൽതാഴെയുള്ളവരുമാണ്. 40നും 60നും മധ്യേ പ്രായമുള്ള 149 പേർ. തൊഴിലാളി സംഘടന–- 96, കർഷകസംഘടന–- 76, കർഷകത്തൊഴിലാളി സംഘടന–-50, മഹിള–- 35, യുവജനം–- 31, വിദ്യാർഥി–- 7, കുട്ടികൾ–- 9 എന്നിങ്ങനെയാണ് പ്രാതിനിധ്യം. 44 ജനപ്രതിനിധികളും പങ്കെടുത്തു. 192പേർ ജയിൽവാസം അനുഭവിച്ചവരാണ്. 152 പേർക്ക് പൊലീസ് മർദനവും 120 പേർക്ക് ഗുണ്ടാമർദനവും ഏറ്റിട്ടുണ്ട്.
മാടായി ഏരിയയിൽ 31 സ്ഥലങ്ങളിൽ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. 230 കുടുംബയോഗങ്ങളിൽ ഒരു ലക്ഷത്തോളംപേർ പങ്കെടുത്തു. ജില്ലയുടെ വിവിധ മേഖലകളെ തൊട്ടുള്ള 21 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽനടന്ന ചർച്ചയിൽ 18 ഏരിയകളെ പ്രതിനിധാനംചെയ്ത് 12 വനിതകൾ ഉൾപ്പെടെ 49 പേർ സംസാരിച്ചു. പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ വിജയരാഘവൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ഗോവിന്ദൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. ഭാവി കടമകൾ എന്ന നിലയിൽ 27 പരിപാടികൾ സമയബന്ധിതമായി ഏറ്റെടുക്കാൻ സമ്മേളനം തീരുമാനിച്ചു.
പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ഗോവിന്ദൻ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. കെ പത്മനാഭൻ സ്വാഗതം പറഞ്ഞു.