മലപ്പുറം: മോദിയെക്കാൾ കൂടുതൽ സംഘപരിവാർ പ്രീണനം നടത്തുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കോഴിക്കോട്ട് ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്ത പതിനായിരം പേർക്കെതിരെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് കേസെടുത്ത നടപടിയിലാണ് വിമർശം.
ലീഗിന്റെ ശക്തികണ്ട് വിറളിപിടിച്ചിട്ടും വെപ്രാളപ്പെട്ടിട്ടും കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നാല് ദിവസംകൊണ്ട് ആ കടപ്പുറത്ത് കൂടിയ ജനങ്ങളെക്കണ്ടാൽ ആർക്കായാലും വിറളിപിടിക്കും. പക്ഷെ മുഖ്യമന്ത്രിയാകുമ്പോൾ കുറച്ച് പക്വത കാണിക്കേണ്ടേ ? അതുണ്ടായില്ല. രാഷ്ട്രീയമായി നേരിടാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് വേണ്ടയ് ചെയ്തോളൂ. 10,000 പേരുടെ പേരിൽ കേസെടുത്തു എന്നാണ് പറയുന്നത്. കണ്ടാലറിയുന്ന പത്ത് പേർക്കും കണ്ടാലറിയാത്ത മറ്റുള്ളവർക്കും എതിരെയാണ് കേസ്. പതിനായിരം പേരും പോലീസ് സ്റ്റേഷനിൽ പോകാനും കോടതിയിൽ പോകാനും ജയിലിൽ പോകാനും തയ്യാറാണ്.
കോവിഡ് പ്രോട്ടോകോൾ ലംഘിച്ചുവെന്ന കുറ്റമാണെങ്കിൽ കഴിഞ്ഞ ദിവസം കോഴിക്കോട് മുതലക്കുളം മൈതാനത്ത് ഡിവൈഎഫ്ഐ സമ്മേളനം നടന്നിരുന്നു. 200 ലധികം പേർ പങ്കെടുത്തു. കേസെടുത്തില്ല. കണ്ണൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത പാർട്ടി ജില്ലാ സമ്മേളനത്തിന് ആയിരങ്ങളാണ് എത്തിയത്. എത്രപേർക്കെതിരെ കേസെടുത്തെന്ന് അറിയില്ല. 144 നിലനിൽക്കുന്ന തലശ്ശേരിയിൽ ആർഎസ്എസ്സുകാർ പ്രകടനം നടത്തുകയും ഒത്തുകൂടുകയും ചെയ്തു. പക്ഷെ കേസെടുത്തിട്ടില്ല. പരാതി കിട്ടിയിട്ടില്ല എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ കോഴിക്കോട്ട് സ്വമേധയാ കേസെടുത്തുവെന്നാണ് അറിയാൻ കഴിഞ്ഞത്.
ലീഗിന് മാത്രം എതിരെ എന്തിനാണ് കേസെടുക്കുന്നത് കേസെടുക്കുന്നത്. അതുകൊണ്ടാണ് മോദിയെക്കാൾ കൂടുതൽ സംഘപരിവാർ പ്രീണനം നടത്തുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്ന് തങ്ങൾ ആരോപിക്കുന്നതെന്നും പിഎംഎ സലാം വിമർശിച്ചു.