മംഗലപുരം > പോത്തൻകോട് കല്ലൂരിൽ ഗുണ്ടാസംഘം വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്ന കേസിൽ നാല് പേർ പിടിയിൽ. കൊലപാതകത്തിൽ പങ്കെടുത്ത ഒരാളും കൊലപാതകികൾക്ക് സഹായം ചെയ്ത മൂന്ന് പേരുമാണ് പിടിയിലായത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
ശനിയാഴ്ചയാണ് മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷി (35) നെ ഗുണ്ടാസംഘം വെട്ടികൊന്നത്. സുധീഷിന്റെ കാൽപ്പാദം വെട്ടിയെടുത്ത് ബൈക്കിൽ കൊണ്ടുപോയി അര കിലോമീറ്റർ അകലെ റോഡിലേക്ക് ഗുണ്ടകൾ വലിച്ചെറിഞ്ഞിരുന്നു.
ഉച്ചയ്ക്ക് രണ്ടരയോടെ ബൈക്കുകളിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടോളം പേരാണ് അക്രമം നടത്തിയത്. അടുത്തിടെ മങ്കാട്ടുമൂലയിൽ രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്നു സുധീഷെന്ന് പൊലീസ് പറഞ്ഞു.
കല്ലൂർ പാണൻവിളയിൽ ബന്ധുവീട്ടിലായിരുന്നു സുധീഷ്. വാഴത്തോപ്പിൽ നിൽക്കുകയായിരുന്ന സുധീഷിനുനേരെ ഗുണ്ടാസംഘം ആദ്യം നാടൻബോംബെറിഞ്ഞു. ഇതോടെ സുധീഷ് സജീവ് എന്നയാളുടെ വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചു. പിന്നാലെയെത്തിയ സംഘം വാതിലും ജനലും തകർത്ത് അകത്തുകയറി വെട്ടുകയായിരുന്നു. രണ്ട് കാലും ഒരു കൈയും വെട്ടിമാറ്റി.
കാൽപ്പാദം വെട്ടിയെടുത്ത സംഘം അതുമായി ബൈക്കിൽപോയി അര കിലോ മീറ്റർ അകലെ കല്ലൂർ ജങ്ഷനിൽ വലിച്ചെറിഞ്ഞു. അരമണിക്കൂറോളം രക്തം വാർന്ന് വീട്ടിൽ കിടന്ന സുധീഷിനെ പോത്തൻകോട് പൊലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഒട്ടകം രാജേഷ്, ഉണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വെട്ടിയതെന്ന് സുധീഷ് പൊലീസിനോട് പറഞ്ഞു.
ഗുണ്ടാ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. മംഗലപുരം, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി കേസുകളിൽ പ്രതിയാണ് സുധീഷ്.