തിരുവനന്തപുരം: വിസി നിയമന വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും ഇതിന് പരിഹാരം മുഖ്യമന്ത്രി പിണറായി വിജയനെ ചാൻസിലറാക്കുക എന്നതാണെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ല എന്ന പരിപൂർണ ഉറപ്പ് ലഭിക്കാതെ തന്റെ നിലപാട് പുനഃപരിശോധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരെ വേണമെങ്കിലും സർക്കാരിന് സർവകലാശാലകളിൽ വൈസ് ചാൻസിലറായി നിയമിക്കാം, എന്നാൽ തന്നെ ചാൻസിലറായി മുൻനിർത്തി അത് വേണ്ട. സർക്കാരുമായി ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ വേണ്ടിയാണ് ചാൻസിലർ സ്ഥാനം ഒഴിയാമെന്ന് പറഞ്ഞത്. ചാൻസിലർ സ്ഥാനം ഒഴിവാക്കി കൊണ്ട് സർക്കാരിനെ ഓർഡിനൻസ് ഇറക്കാം. അതിൽ താൻ ഒപ്പിട്ടു നൽകാം. ഗവർണർ എന്നത് പേരിന് മാത്രമാണുള്ളതെങ്കിൽ തന്റെ സമയം നഷ്ടപ്പെടുത്താൻ താൽപ്പര്യമില്ല. സംഭാഷണങ്ങൾ കൊണ്ടൊന്നും കാര്യമില്ല, രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കുകയാണ് വേണ്ടത്.
സർക്കാർ നിയമിച്ച കലാമണ്ഡലം വിസി തനിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും സർവകലാശാലകളുടെ സ്വയംഭരണാധികാരം തകർക്കാന താൻ കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: VC controversy – Governor mohammed arif khan press meet