കൊച്ചി > ക്ലിഞ്ഞോ പ്ലിഞ്ഞോ സൗണ്ട്സുള്ള തത്തേ…തത്തമ്മേ..തത്തകുട്ടീ… സുധീർ പറവൂർ ഹാസ്യ പരിപാടിയിൽ പാടിയ ഈ പാട്ട് കേൾക്കാത്തവർ കുറവായിരിക്കും. പലരും യൂട്യൂബിൽ ആവർത്തിച്ച് കാണുന്ന പാട്ട് രണ്ട് ദിവസമായി സ്റ്റാറ്റസുകളും സമൂഹമാധ്യമങ്ങളും ഭരിക്കുകയാണ്. അജു മോഹൻ തയ്യാറാക്കിയ ഇതിന്റെ ആനിമേഷൻ വീഡിയോ ആണ് ഒരിക്കൽക്കൂടി ചിരിപടർത്തതുന്നത്. മലയാള സിനിമകളിലെ തമാശ രംഗങ്ങൾ ഉൾപ്പെടെ ആനിമേഷൻ രൂപത്തിൽ ഇറക്കി പ്രേക്ഷകപ്രീതി നേടിയ “ജെബോനിയൻസ്’ യൂട്യൂബ് ചാനലിലൂടെയാണ് “ക്ളിഞ്ഞോ പ്ലിങ്ഞ്ഞോ സൗണ്ട്സും’ പുറത്തിറക്കിയത്. ജെബോനിയൻസ് നേരത്തെ പുറത്തിറക്കിയ കുമ്പിടിയും, പുപ്പുലിയുമെല്ലാം വൈറലായിരുന്നു.
അശ്വിൻ ഭാസ്കറിന്റെ സംഗീതവും ചേർത്താണ് അജു മോഹൻ ആനിമേഷൻ തയ്യാറാക്കിയിരിക്കുന്നത്. പതിനഞ്ച് വർഷമായി ആനിമേഷൻ രംഗത്തുള്ളയാളാണ് തിരുവനന്തപുരം സ്വദേശി അജു മോഹൻ. കാനഡയിലെ മോണ്ട്രിയലിൽ ഫ്രെയിംസ്റ്റോർ എന്ന വിഎഫ്എക്സ് സ്റ്റുഡിയോയിൽ സീനിയർ ത്രീ ഡി ആനിമേറ്ററാണ്. പാപ്പനംകോട് ശ്രീചിത്ര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം ടെക്നോപ്പാർക്കിലെ ടൂൺസ് ആനിമേഷൻ അക്കാഡമിയിൽ നിന്ന് ആനിമേഷൻ പൂർത്തിയാക്കി, ടൂൺസിൽത്തന്നെ ഒന്നരവർഷം ജോലിചെയ്തു.
തുടർന്ന് പ്രാണ സ്റ്റുഡിയോ മുംബൈ, ഡ്രീം വർക്ക്സ് ഇന്ത്യ ബംഗളൂരു എന്നിവിടങ്ങിളിൽ ദീർഘകാലം ആനിമേഷൻ രംഗത്ത് പ്രവർത്തിച്ചു. ട്രോൾസ്, കുംഗ്ഫു പാൻഡ, പെൻഗ്വിൻ ഓഫ് മഡഗാസ്കർ, ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺസ് തുടങ്ങിയ ഹിറ്റ് ഹോളിവുഡ് ആനിമേഷൻ സിനിമകളിൽ ആനിമേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.