മനാമ > ലോകത്തിലെ ആദ്യ കടലാസ് രഹിത സര്‍ക്കാരായി ദുബായ്. ശനിയാഴ്ച ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റിലാണ് പ്രഖ്യാപനം നടത്തിയത്.
ഇനി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും കടലാസ് ഉപയോഗിക്കില്ല. ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും ഡിജിറ്റലായിരിക്കും. 2018ല്‍ ആരംഭിച്ച ദുബായ് കടലാസ് രഹിത പദ്ധതിയാണ് യാഥാര്‍ത്ഥ്യമായത്. അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. സര്‍ക്കാര്‍ മേഖലിയില്‍ ഘട്ടം ഘട്ടമായി പേപ്പര്‍ ഉപയോഗം കുറച്ച് വരികയായിരുന്നു.
ദുബായിലെ 45 സര്‍ക്കാര്‍ ഓഫീസുകള്‍ കടലാസ് ഉപയോഗം അവസാനിപ്പിച്ചു. ഇതുവഴി 3.36 കോടിയിലേറെ കടലാസ് ഉപഭോഗം കുറച്ചു. 130 കോടി ദിര്‍ഹത്തിലേറെ അനുബന്ധ ചെലവുകള്‍ ലാഭിക്കാനായി. 1.4 കോടി മണിക്കൂര്‍ ജോലിയും ലാഭിച്ചു. 45 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 1,800ലധികം ഡിജിറ്റല്‍ സേവനങ്ങളും 10,500ലധികം പ്രധാന ഇടപാടുകളും നല്കുന്നു.
ജീവിതത്തെ അതിന്റെ എല്ലാ വശങ്ങളിലും ഡിജിറ്റലൈസ് ചെയ്യാനുള്ള ദുബായുടെ യാത്രയില്‍ ഇന്ന് ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണെന്ന് ഷെയ്ഖ് ഹംദാന്‍ ട്വിറ്ററില്‍ കുറിച്ചു. നവീകരണത്തിലും സര്‍ഗ്ഗാത്മകതയിലും ഭാവിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ യാത്രയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായ് ഗവണ്മെന്റിന്റെ ജീവനക്കാരനോ ഉപഭോക്താവോ പേപ്പര്‍ രേഖകളോ ഇടപാടുകളോ പ്രിന്റ് ചെയ്യേണ്ടതില്ല. വ്യക്തിപരമായി അങ്ങനെ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നെങ്കില്‍ അവര്‍ക്ക് ടൈപ്പിങ് സെന്ററുകളിലോ സേവനമായോ പ്രിന്റിങ് നടത്താം.