വ്യാഴാഴ്ച നടന്ന വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് നേതാവിന്റെ അധിക്ഷേപകരമായ പരാമര്‍ശം. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചിൽ നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് സംസ്ഥാന സെക്രട്ടറി മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ വിവാദ പ്രതികരണം നടത്തിയത്. വഖഫ് സംരക്ഷണ റാലിയിലായിരുന്നു പ്രതികരണം. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണ് ഇത് പറയാനുള്ള തന്റേടം വെണമെന്നാണ് അബ്ദു റഹ്മാൻ കല്ലായി പറഞ്ഞത്.
ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് സിപിഎം ഇറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സ്വവര്‍ഗരതിക്ക് നിയമപ്രാധാന്യം നൽകണമെന്ന് പറയുന്നു. അതിന് പുറമെ, ഭാര്യക്കും ഭര്‍ത്താവിനും ഉഭയകക്ഷി സമ്മതപ്രകാരം ആരുമായി വേണമെങ്കിലും ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടാമെന്നത് കോടതി നിരീക്ഷണം നടത്തിയപ്പോള്‍ സര്‍വാത്മന ആരാധനാപൂര്‍വ്വം അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ കമ്മിറ്റിയായിരുന്നുവെന്നും അബ്ദുറഹ്മാന് കല്ലായി പറഞ്ഞിരുന്നു.
പ്രസംഗം വിവാദമായതോടെ ഖേദപ്രകടനവുമായി അബ്ദുറഹ്മാൻ കല്ലായി രംഗത്തുവന്നിരുന്നു. സൂചിപ്പിക്കാൻ ഉദ്ദേശിച്ചത് വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രസ്താവനയിലൂടെ അദ്ദേഹം പറഞ്ഞു. തൻ്റെ പ്രസംഗം വിവാദമായതിൽ ദുഃഖമുണ്ടെന്നും അബ്ദുറഹ്മാന് കല്ലായി വ്യക്തമാക്കിയിരുന്നു.
അബ്ദുറഹ്മാന് കല്ലായിയുടെ പ്രസംഗം വിവാദമായതോടെ പ്രതികരണവുമായി ലീഗ് നേതൃത്വം രംഗത്തുവന്നിരുന്നു. വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതാണെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങൾ വെള്ളിയാഴ്ച പറഞ്ഞു. ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.