തിരുവനന്തപുരം: ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി സാരംഗ് എന്ന ആറരവയസ്സുകാരൻ യാത്രയായി. കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു മരിച്ച തള്ളച്ചിറ കാവുവിള സുനിൽ ഭവനിൽ സുനിലിന്റെയും പ്രിയയുടെയും മകൻ സാരംഗ് എന്ന കുരുന്നിന് ജന്മനാട് വിടനൽകി.
വിതുര ചന്തമുക്ക് സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ വൈകീട്ട് 3.30-നായിരുന്നു സംസ്കാരം. ഉച്ചയ്ക്ക് 2 മണിയോടെ മൃതദേഹം തള്ളച്ചിറ കാവുവിളയിലുള്ള വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനുപേർ എത്തിയിരുന്നു. ആംബുലൻസിൽനിന്ന് മൃതദേഹം വീട്ടിലേക്കെടുത്തപ്പോൾ ഉയർന്ന അച്ഛൻ സുനിലിന്റെയും അമ്മ പ്രിയയുടെയും നിലവിളി കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
സാരംഗ് ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന തേമല കെ.വി.എൽ.പി.എസിലെ അധ്യാപകരും കണ്ണീരോടെ തങ്ങളുടെ പ്രിയ വിദ്യാർഥിയെ അവസാനമായി ഒരുനോക്കു കാണാൻ എത്തിയിരുന്നു. സാരംഗിന്റെ ഇരട്ടസഹോദരൻ സൗരവ് ഒന്നും മനസ്സിലാകാതെ അമ്പരന്നുനിന്നതും നൊമ്പരക്കാഴ്ചയായി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സാരംഗും സൗരവും വീടിനു പുറത്ത് ടെറസിലേക്കുള്ള കോണിപ്പടിയുടെ ചുവട്ടിൽ നിന്ന് കളിക്കവേയായിരുന്നു എർത്ത് കമ്പിയിൽനിന്ന് ഷോക്കേറ്റത്.
സാരംഗ് വീണതായി സൗരവ് പറഞ്ഞതു കേട്ട മാതാപിതാക്കൾ ഓടിയെത്തിയപ്പോൾ ഷോക്കേറ്റു നിലത്തുകിടക്കുന്ന കുട്ടിയെയാണ് കണ്ടത്. അടുത്ത വീട്ടുകാരന്റെ സ്കൂട്ടറിൽ ഉടൻ തന്നെ വിതുര താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോണിപ്പടിയോടുചേർന്ന് പുറത്തേക്കു തള്ളിനിന്ന എർത്ത് കമ്പിയിൽനിന്ന് ഷോക്കേറ്റതാണ് മരണ കാരണമായത്. എർത്ത് കമ്പിയിലെ വയർ കരിഞ്ഞ നിലയിലായിരുന്നു.
സാരംഗ് ഷോക്കേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് വൈദ്യുത ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് പരിശോധന നടത്തി.വെള്ളിയാഴ്ച രാവിലെ 11 മണിയോടെയെത്തിയ ഉദ്യോഗസ്ഥർ വീട്ടിലെ വൈദ്യുതിബന്ധവും സ്വിച്ച് ബോർഡുകളും വിശദമായി പരിശോധിച്ചു. അപകടം നടന്ന കോണിപ്പടിയുടെ ചുവട്ടിലെ എർത്ത് കമ്പിയും ഷോക്കേൽക്കാനുണ്ടായ സാധ്യതയും വിലയിരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. വിതുര കെ.എസ്.ഇ.ബി.യിലെ ഉദ്യോഗസ്ഥർ വ്യാഴാഴ്ചതന്നെ പരിശോധന നടത്തുകയും വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു.
Content Highlights: 6 year old boy died due to electric shock