തിരുവനന്തപുരം: സർക്കാരിന്റെ സമ്മർദങ്ങൾക്ക് വഴങ്ങിയാണ് കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ താൻ തീരുമാനമെടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂർ വിസിക്ക് പുനർനിയമനം നൽകാൻ സർക്കാർ ഗവർണർക്ക് ശുപാർശ നൽകിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഭരണത്തലവനായ ഗവർണർ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിനു പുറമെ കാലടി സർവകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിച്ചെന്ന ഗവർണറുടെ വെളിപ്പെടുത്തൽ അതീവഗുരുതരമാണെന്നു ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
നിയമവാഴ്ചയുടെ സമ്പൂർണ്ണ തകർച്ച വ്യക്തമാക്കുന്നു – വി.എം.സുധീരൻ
തിരുവനന്തപുരം: സർവ്വകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും യു.ജി.സി. മാർഗ്ഗനിർദ്ദേങ്ങൾക്കും വിരുദ്ധമായി കേവലം സങ്കുചിത രാഷ്ട്രീയതാൽപര്യം മാത്രം മുൻനിർത്തിക്കൊണ്ട് വൈസ് ചാൻസലർ നിയമനങ്ങൾ ഉൾപ്പെടെയുള്ള തെറ്റായ നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനേറ്റ കനത്ത പ്രഹരമാണ് മുഖ്യമന്ത്രിയ്ക്കുള്ള ഗവർണറുടെ കത്തെന്ന് വിഎം സുധീരൻ
എന്നെ മാറ്റി മുഖ്യമന്ത്രിതന്നെ ചാൻസലറായിക്കൊള്ളൂ എന്ന് ഗവർണർക്ക് പറയേണ്ടിവന്നത് സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമ്പൂർണ്ണ തകർച്ചയാണ് വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള അരാജകാവസ്ഥയുടെ പച്ചയായ പ്രതിഫലനം കൂടിയാണിത്.
ഇനിയെങ്കിലും സർക്കാർ തെറ്റുതിരുത്തണം. വൈസ് ചാൻസലർ നിയമനങ്ങൾ ഉൾപ്പെടെയുള്ള തെറ്റായ സർവ്വ നടപടികളും റദ്ദാക്കുകയും വേണം. അർഹതയില്ലാത്തവരെ സർവ്വകലാശാലാ ഉന്നത തലങ്ങളിൽ തിരികിക്കയറ്റാനുള്ള എല്ലാ നിർദ്ദേശങ്ങളും നടപടികളും പിൻവലിച്ചേ മതിയാകൂവെന്നും സുധീരൻ ആവശ്യപ്പെട്ടു.
content highlights:governor letter congroversy: CM should clarify his stand says oomman chandy