പത്തനംതിട്ട > പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത ഞായറാഴ്ച തീർത്ഥാടകർക്ക് തുറന്നു കൊടുക്കും. പമ്പാ സ്നാനം ശനിയാഴ്ച പകൽ 11 മുതലും അനുവദിക്കും. കലക്ടറേറ്റിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ത്രിവേണി നടപ്പാലം മുതൽ നൂറ്റമ്പത് മീറ്ററും തൊട്ടുതാഴെ 170 മീറ്ററുമാണ് പമ്പാ സ്നാനത്തിന് അനുവദിക്കുക. തീർഥാടകരുടെ സുരക്ഷയ്ക്കായി പൊലീസും അഗ്നിരക്ഷാ സേനയും സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയതായി കലക്ടർ ജിവ്യാ എസ്സ അയ്യർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പമ്പ സ്നാനത്തിന് നാലു പ്രവേശന കവാടം ആണ് ഉണ്ടാവുക. ഇതിലൂടെ മാത്രമേ തീർത്ഥാടകർ സ്നാനത്തിന് പ്രവേശിക്കാവു. പമ്പയിൽ ജലനിരപ്പ് ഉയരുകയാണെങ്കിൽ അതാത് സമയത്ത് ക്രമീകരണം വിലയിരുത്താൻ എഡിഎമ്മിൻറെ നേതൃത്വത്തിൽ പമ്പയിൽ തന്നെ യോഗം ചേർന്ന് തീരുമാനിക്കും. പരമ്പരാഗത പാത ഞായറാഴ്ച പുലർച്ചെ രണ്ടുമുതൽ തുറന്നുകൊടുക്കും. രാത്രി എട്ടു വരെയാണ് പ്രവേശനം.
ആരോഗ്യ രക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളത്തിന് ജല അതോറിട്ടിയുടെ 44 കിയോസ്ക്കുകൾ തയ്യാറാക്കി. അടിയന്തര മെഡിക്കൽ സെൻറർ സംവിധാനം ഏഴെണ്ണം ഏർപ്പെടുത്തി. കൂടാതെ രണ്ട് കാർഡിയോളജി കേന്ദ്രങ്ങളും ഈ പാതയിൽ പ്രവർത്തിക്കും. 40 സന്നദ്ധ സേന പ്രവർത്തകർ സ്ട്രെച്ചറുമായി ഈ പാതയിൽ ഉണ്ടാകും. രണ്ടു ബ്ലോക്കുകളിലായി 56 ശൗചാലയം ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് പാതയിലൂടെ ട്രയൽ നടത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ തുറന്നു നൽകും. സന്നിധാനത്ത് തീർഥാടകർക്ക് താമസ സൗകര്യം ഞായറാഴ്ചമുതൽ ഉണ്ടാകും. 500 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. 12 മണിക്കൂർ ആണ് ഇവിടെ തങ്ങാൻ അനുവദിക്കുക. തീർത്ഥാടകർക്ക് സന്നിധാനത്ത് വിരിവയ്ക്കാൻ തൽക്കാലം സൗകര്യം അനുവദിച്ചിട്ടില്ല. വേണ്ടിവന്നാൽ തീർത്ഥാടകരുടെ ആവശ്യം കൂടി പരിഗണിച്ച് തീരുമാനിക്കാം എന്ന് കലക്ടർ പറഞ്ഞു. തീർത്ഥാടകർക്ക് പരമ്പരാഗത പാതയിലൂടെ കയറുകയോ സ്വാമി അയ്യപ്പൻ റോഡ് വഴിയോ കേറി ഇറങ്ങുകയോ ചെയ്യാം.