കോഴിക്കോട്: മുസ്ലീം ലീഗ് മതസംഘടനയാണോ രാഷ്ട്രീയ പാർട്ടിയാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയുമായി എം.കെ മുനീർ. ലീഗ് രാഷ്ട്രീയ പാർട്ടിയാണ്. ഇത് ചോദിച്ച പിണറായിയോട് തിരിച്ച് ചോദിക്കാനുള്ളത് അദ്ദേഹം കമ്മ്യൂണിസ്റ്റ് ആണോ എന്നാണ്. ഇം.എം.എസിന്റെ സർക്കാരിൽ അംഗങ്ങളുണ്ടായിരുന്ന പാർട്ടിയാണ്ലീഗ്. പാർട്ടി ഭരണഘടന മാറിയിട്ടില്ല. വഖഫ് സംരക്ഷണ റാലി വൻ വിജയമായതിനാലാണ് കേസെടുത്ത് പ്രതികാരം കാണിച്ചിരിക്കുന്നതെന്നും മുനീർആരോപിച്ചു.
ലീഗ് എന്ത് ചെയ്യണമെന്ന് എ.കെ.ജി സെന്ററിൽ നിന്ന് തിട്ടൂരം വേണ്ടെ. ലീഗിനെ കേസെടുത്ത് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും ഒരു വിഷയത്തിലും ലീഗ് അഭിപ്രായം പറയേണ്ടെന്ന പിണറായിയുടെ ധാഷ്ട്യം എ.കെ.ജി സെന്ററിൽ മതിയെന്നും മുനീർ പറഞ്ഞു. മുഖ്യമന്ത്രിക്ക് സ്ഥല- ജല വിഭ്രാന്തിയെന്നും മുനീർ പരിഹസിച്ചു. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പള്ളിക്കമ്മിറ്റികളിൽ എടുത്തതല്ല. അത് സർക്കാർ സ്വീകരിച്ചതാണ്.
ലീഗ് സംഘടിപ്പിച്ച സമ്മേളനം കണ്ട് ഭയന്നാണ് മുഖ്യമന്ത്രിയുടെ പോലീസ് കേസെടുത്തത്. വഖഫ് ബോർഡ് വിഷയത്തെ രാഷ്ട്രീയമായി തുടർന്നും നേരിടും. സമരവുമായി ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു നേതാവ് പറഞ്ഞ ഒരു വാചകം മാത്രം അടർത്തിയെടുത്ത് ഒരു സമ്മേളനത്തിന്റെ മൊത്തം സത്തയായി അതിനെ കാണുന്നത്ശരിയല്ല.
നിയമസഭയിലെടുത്ത ഒരു തീരുമാനത്തെ നിയമസഭയിലെ അംഗമായ ഒരു പാർട്ടി എതിർക്കേണ്ടെന്ന അദ്ദേഹത്തിന്റെ തിട്ടൂരം മറ്റ് സ്ഥലങ്ങളിൽ കാണിച്ചാൽ മതിയെന്നും മുനീർ തിരിച്ചടിച്ചു. ലീഗ് നേതാക്കൾ ഓടിളക്കി എംഎൽഎമാരായതല്ലെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് സഭയിലെത്തിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് നിയമനം സംബന്ധിച്ച് പിണറായി വിജയൻ പറയുന്നത് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ വിയോജനക്കുറിപ്പ് മറികടന്നാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കെ.എം ഷാജി പറഞ്ഞ കാര്യത്തിന് ആവശ്യമില്ലാത്ത വ്യാഖ്യാനം നൽകേണ്ടതില്ലെന്നും മുനീർ പറഞ്ഞു. റിയാസിനെതിരായ വിവാദ പരാമർശത്തിൽ അബ്ദുറഹ്മാൻ കല്ലായി ഖേദപ്രകടനം നടത്തിയതോടെ ആ വിഷയം അവസാനിച്ചുവെന്നും മുനീർ പറഞ്ഞു. ലീഗ് സംഘടിപ്പിച്ച സമ്മേളനം കണ്ട് ഭയന്നാണ് മുഖ്യമന്ത്രിയുടെ പോലീസ് കേസെടുത്തത്. വഖഫ് ബോർഡ് വിഷയത്തെ രാഷ്ട്രീയമായി തുടർന്നും നേരിടും. സമരവുമായി ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
content Highlights: mk muneer responds to pinarayi vijayan`s remarks on iuml