കൊച്ചി
പ്രളയബാധിതർക്ക് വീട് നിർമിക്കാനുള്ള പുനർജനി പദ്ധതിക്കായി വി ഡി സതീശൻ എംഎൽഎയുടെ നേതൃത്വത്തിൽ വിദേശത്തുനിന്നുൾപ്പെടെ നടത്തിയ വൻ പണപ്പിരിവിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ മുൻ സെക്രട്ടറി പി എസ് രാജേന്ദ്ര പ്രസാദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പറവൂർ സ്വദേശിനി നടത്തിയ അശ്ലീലപരാമർശം അടങ്ങിയ വീഡിയോ എടുത്തതിൽ തനിക്ക് പങ്കില്ലെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു.
2018ലെ പ്രളയബാധിതർക്ക് വീട് നിർമിക്കാനാണ് സതീശന്റെ നേതൃത്വത്തിൽ വിദേശത്തുനിന്നടക്കം കോടികൾ പിരിച്ചത്. ഈ തുക ഉപയോഗിച്ച് ഒരു വീടുപോലും നിർമിച്ചില്ല. സന്നദ്ധസംഘടനകളും സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളുമാണ് വീട് നിർമിച്ചത്. പിരിച്ച തുകയെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തുമെന്ന സതീശന്റെ അവകാശവാദം പ്രഖ്യാപനത്തിലൊതുങ്ങി. വിദേശത്ത് പോയത് പണപ്പിരിവിനല്ലെന്നും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സെമിനാറിൽ പങ്കെടുക്കാനാണെന്നുമാണ് സതീശൻ നിയമസഭയിൽ പറഞ്ഞത്. വിദേശത്തുനിന്ന് പണം ലഭിച്ചുവെന്ന് സതീശൻ അറിയിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
സതീശന്റെ സന്തതസഹചാരിയായിരുന്ന എം എസ് താരകേശ്വരന്റെ ഭാര്യയാണ് അശ്ലീലപരാമർശങ്ങൾ ഉൾപ്പെടുന്ന സെൽഫി വീഡിയോ എടുത്ത് പ്രചരിപ്പിച്ചത്. ഞാൻ പ്രേരിപ്പിച്ചിട്ടാണ് വീഡിയോ എടുത്തതെന്ന് ആരോപിച്ചാണ് സതീശൻ എനിക്കെതിരെ കേസ് കൊടുത്തത്. വീഡിയോ എടുത്ത് പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുക്കാതെ ഇതിൽ ഒരു പങ്കാളിത്തവുമില്ലാത്ത എന്നെയും പറവൂർ പ്രസ്ക്ലബ് വൈസ് പ്രസിഡന്റ് ഇ എം നയിബിനുമെതിരെ കേസെടുക്കുകയായിരുന്നു. വി ഡി സതീശന്റെ മണിച്ചെയിൻ തട്ടിപ്പ്, അനധികൃത വിദേശയാത്രകൾ, പണപ്പിരിവ്, തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് എന്നിവയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതിന്റെ വിരോധമാണ് ഇതിനുപിന്നിൽ. യഥാർഥ വസ്തുത വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകും. വിമർശങ്ങളുടെ പേരിൽ സതീശൻ ഗുണ്ടകളെ വിട്ട് ആക്രമിക്കാനും ഭീഷണിപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും രാജേന്ദ്രപ്രസാദ് ആരോപിച്ചു.