തൃശൂർ
‘‘സഹോ…. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പം ഞാൻ പറന്നുയരുകയാണ്…..’’ പത്താംക്ലാസിലെ സഹപാഠിയും പൊലീസ് ഉദ്യോഗസ്ഥനുമായ ഐ എ അജിത്തിന് അവസാനമായി പ്രദീപ് ആ വോയ്സ് മെസേജ് അയച്ചു. ‘‘സേഫല്ലേ… ’’എന്ന മറുപടിക്ക് പക്ഷേ പ്രദീപ് പ്രതികരിച്ചില്ല. ചങ്ക് ചങ്ങാതിമാരുടെ പ്രിയ കൂട്ടുകാരൻ എന്നെന്നേക്കുമായി പറന്നകലുകയായിരുന്നു അപ്പോഴെന്ന് ആരും അറിഞ്ഞില്ല. തീവ്രവാദി മേഖലകളിലുൾപ്പെടെ സേവനമനുഷ്ഠിക്കുമ്പോഴും പ്രദീപിന് ഭീതിയൊട്ടുമില്ല. ഏറ്റെടുത്ത ദൗത്യം കഴിഞ്ഞാൽ ഉടൻ കൂട്ടുകാരെ തേടി ‘ചത്തിട്ടില്ലടാ’ എന്ന സന്ദേശമെത്തുമായിരുന്നു.
രണ്ടുമാസം മുമ്പ് വിളിച്ചു. ഇനി സർവീസ് അധികകാലമില്ല. നാട്ടിൽ വന്നാൽ വീണ്ടും ഒന്നിക്കണമെന്നും പറഞ്ഞു. അച്ഛന് സുഖമില്ലാത്തതിനെത്തുടർന്ന് അതിനിടെ കഴിഞ്ഞ മാസം നാട്ടിലെത്തി. തിരിച്ചുപോയ ശേഷം വീണ്ടും മെസേജ് അയച്ചു. ‘‘ സഹോ…. ഞാൻ ഇന്ന് തിരിച്ചെത്തീട്ടോ. ഇനി പത്തുദിവസം ക്വാറന്റൈൻ, അതു കഴിഞ്ഞാൽ ജോലിക്ക് കയറണം’. പക്ഷേ, ജോലിക്ക് കയറി നാലാം ദിവസം മരണത്തിലേക്കാണ് പറന്നുയർന്നത്.
പുത്തൂർ ഗവ. ഹൈസ്കൂളിൽ 2000 എസ്എസ്എൽസി ബാച്ചാണ് പ്രദീപ്. കൂലിപ്പണിക്കാരായ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ്.