കൂനൂർ :
‘ഹെലികോപ്റ്ററിന്റെ ശബ്ദം അസാധാരണമായി തോന്നിയതിനാലാണ് ദൃശ്യം മൊബൈലിൽ പകർത്തിയത്. മൂടൽമഞ്ഞിലേക്ക് കടന്ന് അഞ്ചു സെക്കൻഡിൽ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു.’ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യം മൊബൈലിൽ പകർത്തിയ കോയമ്പത്തൂർ രാമനാഥപുരം സ്വദേശി ജോയുടെ വാക്കുകള്‍.
നാസറിനും കുടുംബത്തിനുമൊപ്പമാണ് ഫോട്ടോഗ്രാഫറായ ജോ ബുധനാഴ്ച ഊട്ടിയിൽ വിനോദ സഞ്ചാരത്തിന് പോയത്. ‘കൂനൂരിനടുത്ത് പൈതൃക റെയിൽവേ ട്രാക്കിനു സമീപം ഫോട്ടോ എടുക്കാനിറങ്ങി. പകൽ 12.15നാണ് ഹെലികോപ്റ്റർ വന്നതും വീഡിയോ പകർത്തിയതും. ശബ്ദം കേട്ട് പത്ത് മിനിറ്റിനകം പൊലീസെത്തി. മലയ്ക്കു മുകളിലായിരുന്നു അപകടം. പൊലീസ് വാഹനത്തിലെ ഡ്രൈവറോട് വീഡിയോയുടെ കാര്യം പറഞ്ഞ് മടങ്ങി. കലക്ടർ ഓഫീസിലും പൊലീസിലുമെല്ലാം അറിയിക്കാൻ ശ്രമിച്ചെങ്കിലും അവരെല്ലാം തിരക്കിലായിരുന്നു. തുടർന്ന് പൊലീസ് ഡ്രൈവർക്ക് വീഡിയോ അയച്ചു. വെള്ളിയാഴ്ച കോയമ്പത്തൂർ സിറ്റി പൊലീസ് കമീഷണർ ഓഫീസിൽ എത്തി. കാര്യങ്ങൾ വിശദീകരിച്ച് മടങ്ങി’–- ജോ പറഞ്ഞു.