എരിപുരം (കണ്ണൂർ)
ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. എരിപുരത്തെ കെ കുഞ്ഞപ്പ -–-പി വാസുദേവൻ നഗറിൽ (മാടായി റൂറൽ ബാങ്ക് ഹാൾ) മൂന്നു ദിവസത്തെ സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗംകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ താൽക്കാലിക അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ ടി വി രാജേഷ് സ്വാഗതം പറഞ്ഞു.
മുതിർന്ന നേതാവ് ഒ വി നാരായണൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം സുരേന്ദ്രൻ രക്തസാക്ഷി പ്രമേയവും കാരായി രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി ജയരാജൻ, എം പ്രകാശൻ, പി കെ ശ്യാമള, കെ വി സക്കീർ ഹുസൈൻ, മനു തോമസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടി നിയന്ത്രിക്കുന്നു. സെക്രട്ടറിയറ്റ് അംഗങ്ങൾ സ്റ്റീയറിങ് കമ്മിറ്റിയായി പ്രവർത്തിക്കുന്നു.
250 പ്രതിനിധികളും 53 ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിലുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ഗോവിന്ദൻ എന്നിവരും പങ്കെടുക്കുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ, കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രൻ എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം പൊതുചർച്ച തുടങ്ങി. വൈകിട്ട് മാധ്യമ സെമിനാർ മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.