ബ്രിസ്ബെയ്ൻ
ഓസ്ട്രേലിയക്കെതിരായ ആദ്യ ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ ജോ റൂട്ടിന്റെ കെെ പിടിച്ച് ഇംഗ്ലണ്ട് കരകയറുന്നു. 278 റൺ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാംദിനം 2–220 റണ്ണെന്ന നിലയിലാണ്. 86 റണ്ണുമായി റൂട്ടും 80 റണ്ണോടെ ഡേവിഡ് മലാനുമാണ് ക്രീസിൽ. 58 റൺ പിന്നിലാണ് ഇപ്പോഴും. ട്രാവിസ് ഹെഡിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ ഓസീസ് ഒന്നാം ഇന്നിങ്സിൽ 425 റൺ നേടി.
സ്കോർ: ഇംഗ്ലണ്ട് 147, 2–220; ഓസ്ട്രേലിയ 425.
മൂന്നാം വിക്കറ്റിൽ 159 റൺ റൂട്ടും മലാനും കൂട്ടിച്ചേർത്തു. 2–61 റണ്ണെന്ന നിലയിലാണ് ഈ സഖ്യം ഒത്തുചേർന്നത്. ലോക ഒന്നാംനമ്പർ ബാറ്ററായ റൂട്ട് ആദ്യ ഇന്നിങ്സിൽ റണ്ണെടുക്കുംമുമ്പ് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിൽ റൂട്ട് മനോഹരമായി കളിച്ചു.
മൂന്നാംദിനം ആദ്യഘട്ടത്തിൽ ഹെഡും മിച്ചെൽ സ്റ്റാർക്കും ചേർന്ന് വേഗത്തിൽ ഓസീസിനായി റണ്ണടിച്ചുകൂട്ടി. 35 റണ്ണെടുത്ത സ്റ്റാർക്കിനെ പുറത്താക്കി ക്രിസ് വോക്സ് ഇംഗ്ലണ്ടിന് വഴിതുറന്നു. 152 റണ്ണാണ് ഹെഡ് നേടിയത്. ഹെഡിനെ ബൗൾഡാക്കി മാർക് വുഡ് ഓസീസ് ഇന്നിങ്സ് അവസാനിപ്പിച്ചു.