ദുബായ്
കളത്തിൽ ഒറ്റ രാജാവേയുള്ളു. നോർവെക്കാരൻ മാഗ്നസ് കാൾസൻ. ലോക ചെസ് ചാമ്പ്യൻഷിപ് ഫൈനലിൽ റഷ്യക്കാരനായ ഇയാൻ നിപോംനിഷിയെ കീഴടക്കിയാണ് തുടർച്ചയായി അഞ്ചാംതവണയും ജേതാവായത്. ദുബായ് എക്സിബിഷൻ സെന്ററിൽ പതിനൊന്നിൽ നാല് കളി ജയിച്ച് ഏഴര പോയിന്റോടെയാണ് അപൂർവനേട്ടം.
ഇന്നലെ പതിനൊന്നാം ഗെയിം 49 നീക്കത്തിലാണ് കാൾസൻ ജയിച്ചത്. മൂന്ന് മണിക്കൂറും 21 മിനിറ്റുമെടുത്താണ് വിജയം. ആകെയുള്ള 14 ഗെയിമിൽ ആദ്യം ഏഴര പോയിന്റ് നേടുന്നയാളാണ് ചാമ്പ്യൻ. നിപോംനിഷിക്ക് മൂന്നര പോയിന്റാണുള്ളത്. കാൾസൻ ലക്ഷ്യം നേടിയതോടെ മൂന്ന് മത്സരങ്ങൾ ബാക്കിയായി. നിപോംനിഷിക്ക് ഒറ്റ കളിയും ജയിക്കാനായില്ല. ആദ്യത്തെ അഞ്ച് കളിയും സമനിലയായിരുന്നു.
ആറാം ഗെയിമിൽ കാൾസൻ ജയിച്ചതാണ് വഴിത്തിരിവായത്. തുടർന്ന് എട്ടാമത്തേയും ഒമ്പതാമത്തേയും പതിനൊന്നാമത്തേയും കളിയിൽ മുപ്പത്തൊന്നുകാരൻ വിജയിച്ചു. ആദ്യ ഗെയിമുകളിൽ മികവുകാട്ടിയ നിപോ കാൾസന്റെ ആദ്യ ജയത്തോടെ മങ്ങിപ്പോയി. പതിനൊന്നാം ഗെയിം ഏറെ സവിശേഷമായിരുന്നു. ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള ഓപ്പണിങ്ങായ ജ്വോക്കോ പ്യാനോ അഥവാ ഇറ്റാലിയൻ ഗെയിം ആദ്യമായി പ്രാരംഭമുറയായി പരീക്ഷിക്കപ്പെട്ടു. സമനിലയിലേക്ക് നീങ്ങിയ കളിയ്ക്ക് ജീവൻ നൽകിയത് നിപോയുടെ ആത്മഹത്യാപരമായ 23–-ാം നീക്കമാണ്. നാല് പോയിന്റ് വ്യത്യാസത്തിൽ ലോക ചാമ്പ്യൻ പിറക്കുന്നത് നൂറ്റാണ്ടിനുശേഷം ആദ്യമാണ്. ഇതിനുമുമ്പ് 1921ൽ ക്യൂബക്കാരനായ ജോസ് റൗൾ കാപ്ബ്ലാങ്കയാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ച് 2013ലാണ് കാൾസൻ ആദ്യം കിരീടം നേടുന്നത്. പിന്നീട് മൂന്നുതവണകൂടി ജേതാവായി.