കൊച്ചി
ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം കേരള വനിതാ ഫുട്ബോൾ ലീഗിന് ഇന്ന് കിക്കോഫ്. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ആറിന് ലൂക്കാ സോക്കർ ക്ലബ്ബ് ട്രാവൻകൂർ റോയൽസ് എഫ്സിയെ നേരിടും. ജനുവരി 24 വരെ നീളുന്ന ലീഗിൽ ആറ് ടീമുകളാണുള്ളത്. ഗോകുലം കേരള എഫ്സി, കേരള യുണെെറ്റഡ്, കടത്തനാട് രാജ എഫ്എ, ഡോൺ ബോസ്കോ എഫ്എ എന്നിവയാണ് മറ്റു ടീമുകൾ. ജേതാക്കൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ വനിതാ ലീഗിലേക്ക് യോഗ്യത നേടും.
എല്ലാ ടീമുകളും രണ്ടുതവണ പരസ്പരം ഏറ്റുമുട്ടും. 30 മത്സരങ്ങളുണ്ടാകും. വൈകിട്ട് ആറിന് ഫ്ലഡ്ലിറ്റിലാണ് കളി. ഒരുലക്ഷം രൂപയാണ് സമ്മാനം. റണ്ണേഴ്സ് അപ്പിന് 50,000 രൂപ ലഭിക്കും. പങ്കെടുക്കുന്ന മറ്റു ടീമുകൾക്കും സാമ്പത്തികസഹായം നൽകുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ടോം ജോസും ജനറൽ സെക്രട്ടറി പി അനിൽകുമാറും അറിയിച്ചു.
അനുഷ്ക സാമുവൽ (ഗോകുലം), എം ബി അനന്ദശയന (കേരള യുണൈറ്റഡ്), ജൂബി ജോൺ (ലൂക്ക), എസ് ഐശ്വര്യ (ട്രാവൻകൂർ റോയൽസ്), അഞ്ജലി തോട്ടംകുനി (ഡോൺബോസ്കോ), തുളസി എസ് വർമ (കടത്തനാട് രാജ) എന്നിവരാണ് വിവിധ ടീമുകളുടെ ക്യാപ്റ്റൻമാർ. എല്ലാ മത്സരങ്ങളും സ്പോർട്സ് കാസ്റ്റ് ഇന്ത്യയുടെ യുട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും. നടി മാളവിക ജയറാം ട്രോഫി അനാവരണം ചെയ്തു. കെഎഫ്എ ഹോണററി പ്രസിഡന്റ് കെ എം ഐ മേത്തർ, സ്കോർലൈൻ ഡയറക്ടർ മിന്ന ജയേഷ്, ടീം ക്യാപ്റ്റൻമാർ എന്നിവരും പങ്കെടുത്തു.