ന്യൂഡൽഹി
കോർപറേറ്റ്, നവഉദാരവൽക്കരണ ശക്തികൾക്കെതിരെ നേടിയ വിജയം കർഷകരും തൊഴിലാളികളും ശനിയാഴ്ച ആഘോഷിക്കും. റോഡ് ഷോകൾ സംഘടിപ്പിക്കും. എല്ലാ ഗ്രാമത്തിലും ആഘോഷം നടത്തും. പതാക ഉയർത്തിയും വർണങ്ങൾ വിതറിയും ബലൂണുകൾ പറത്തിയും വാദ്യഘോഷങ്ങളോടെയും മധുരം വിതരണം ചെയ്തും ആഘോഷം ഗംഭീരമാക്കും. ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലുള്ള കർഷകർ ആഹ്ലാദപ്രകടനങ്ങൾക്കുശേഷം ഗ്രാമങ്ങളിലേക്ക് മടങ്ങും. സംയുക്ത കിസാൻ മോർച്ചയാണ് ആഘോഷത്തിന് ആഹ്വാനം നൽകിയത്.
വിജയദിനാഘോഷത്തിൽ പങ്കുചേരാൻ സിഐടിയു, അഖിലേന്ത്യാ കിസാൻസഭ, കർഷകത്തൊഴിലാളി യൂണിയൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘടനകൾ പ്രവർത്തകരോട് സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
സംസ്ഥാനത്തും ആഹ്ലാദം
സംസ്ഥാനത്ത് ശനിയാഴ്ച വൈകിട്ട് കോർപറേഷൻ, മുനിസിപ്പൽ, ഏരിയ, വില്ലേജ് കേന്ദ്രങ്ങളിൽ വിജയാഹ്ലാദ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് സംയുക്ത കർഷകസമിതി കൺവീനർ വത്സൻ പനോളിയും ചെയർമാൻ സത്യൻ മൊകേരിയും അറിയിച്ചു.