ഒല്ലൂർ
പൊന്നൂക്കര കാത്തിരിക്കുകയാണ്, നാടിന്റെ ധീരപുത്രനെ ഒരു നോക്ക് കാണാൻ. പ്രളയകാലത്തുൾപ്പെടെ നാടിനായി സേവനമനുഷ്ഠിച്ച പ്രിയപുത്രന് പ്രണാമം അർപ്പിക്കാൻ കണ്ണീർ പൂക്കളുമായി ജനം കാത്തിരിക്കുകയാണ്. ഊട്ടി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇന്ത്യയുടെ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ മൃതശരീരം ഞായറാഴ്ച വീട്ടിലെത്തിക്കും. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ ടെസ്റ്റുൾപ്പെടെ നടത്തിയാണ് തിരിച്ചറിയുന്നത്.
മരണവാർത്തയറിഞ്ഞ് പ്രദീപിന്റെ സഹോദരൻ പ്രസാദും ബന്ധുക്കളും കോയമ്പത്തൂരിലേക്ക് പോയിരുന്നു. പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും മക്കൾ ദക്ഷൻദേവ്, ദേവ പ്രയാഗ് എന്നിവരേയും കൂട്ടി സഹോദരൻ പ്രസാദ് വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങി.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വീട്ടിലെത്തി വീട്ടുകാരെ ആശ്വസിപ്പിച്ചു. പ്രദീപിന്റെ സഹോദരൻ പ്രസാദിനോട് മന്ത്രി വിവരങ്ങൾ തിരക്കി. ജവാൻമാരുടെ മരണം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും പ്രദീപിന്റെ കുടുംബത്തിനായി സംസ്ഥാന സർക്കാർ കഴിയാവുന്ന സഹായങ്ങൾ നൽകുമെന്നും മന്ത്രി അറിയിച്ചു. ജില്ലാ സൈനീക ക്ഷേമവകുപ്പിന്റെ അടിയന്തര ധനസഹായം കൈമാറി.