തിരുവനന്തപുരം
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ജൂനിയർ ഡോക്ടർ നിയമനത്തിന്റെ അഭിമുഖനടപടി അടുത്ത ആഴ്ചയോടെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. 45,000 രൂപ പ്രതിമാസ വേതനത്തിൽ ഏഴ് മെഡിക്കൽ കോളേജിലെ 373 നോൺ അക്കാദമിക് ജൂനിയർ റസിഡന്റുകളെ (എൻഎജെആർ) നിയമിക്കാനാണ് ഉത്തരവായത്. ഓരോ കേന്ദ്രത്തിലും നേരിട്ടാണ് നിയമനം. അപേക്ഷ ലഭിച്ചുതുടങ്ങി –-മന്ത്രി വെള്ളിയാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.
പിജി ഡോക്ടർമാരുടെ ആവശ്യങ്ങളോട് സർക്കാരിന് അനുകൂല നിലപാടാണ്. ജോലിഭാരമെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയാണ് ജൂനിയർ ഡോക്ടർമാരെ നിയമിക്കാൻ തീരുമാനിച്ചത്. ആറിനും ഏഴിനും പിജി ഡോക്ടർമാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി. അവര്‍ സമരം അവസാനിപ്പിക്കാനും തയ്യാറായി. എന്നാല്‍, ഇപ്പോഴത്തെ സമരത്തിന് നോട്ടീസ് നല്‍കിയത് ആദ്യം വന്നവർ ആയിരുന്നില്ല. സ്റ്റൈപെന്‍ഡ് ഉയര്‍ത്തുന്നത് സംബന്ധിച്ച വിഷയം ധനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. സംവരണ വിഷയത്തിൽ സുപ്രീംകോടതിയിൽ ഹർജിയുള്ളതിനാൽ പിജി പ്രവേശനത്തിൽ നടപടി സ്വീകരിക്കാൻ സർക്കാരിന് പരിമിതിയുണ്ട്. ദേശീയതലത്തിൽ പിജി ഡോക്ടർമാരോട് ഹോസ്റ്റൽ ഒഴിയണമെന്ന് മെഡിക്കൽ കോളേജുകളിൽ നിർദേശമുണ്ടായത് സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയല്ല. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ പ്രിൻസിപ്പൽമാരുമായി സംസാരിച്ചു. ഇത്തരം നടപടി പാടില്ലെന്നും സർക്കുലർ പുറപ്പെടുവിച്ചെങ്കിൽ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അസി. പ്രൊഫസര്‍മാര്‍, അസോ. പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ അധിക സേവനം അതത് മെഡിക്കല്‍ കോളേജുകള്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.