തിരുവനന്തപുരം
സഹകരണ ഓഡിറ്റ് ഡയറക്ടറായി ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസിലെ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിനെ നിയമിച്ചു. കേരള പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ് രണ്ട്) ഓഫീസിലെ സീനിയർ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ എം എസ് ഷെറിനെയാണ് നിയമിച്ചത്.
മൂന്നു വർഷത്തേക്ക് അന്യത്ര സേവന വ്യവസ്ഥയിലാണ് നിയമനം. സഹകരണ ഓഡിറ്റ് ഡയറക്ടർ തസ്തികയിൽ ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ് ഉദ്യോഗസ്ഥന്റെ സേവനം വിട്ടുതരണമെന്ന് സംസ്ഥാന സർക്കാർ സിഎജിയോട് ആവശ്യപ്പെട്ടിരുന്നു. സഹകരണ ഓഡിറ്റ് ശാക്തീകരണത്തിന്റെ ഭാഗമായാണ് തീരുമാനം.
സഹകരണ ഓഡിറ്റിൽ ടീം സംവിധാനം നടപ്പാക്കുകയാണ്. ഒരാൾ തുടർച്ചയായി ഒരു സംഘത്തിന്റെ ഓഡിറ്ററാകുന്നത് മാറും. ഐടി അധിഷ്ഠിത കോ–- ഓപ്പറേറ്റീവ് ഓഡിറ്റ് മോണിറ്ററിങ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം (കാമിസ്) പ്രാബല്യത്തിലായി. ഓഡിറ്റ് വിവരങ്ങൾ വകുപ്പിലെ ഉദ്യോഗസ്ഥർക്കും ഭരണതലത്തിലും പൊതുജനത്തിനും ലഭ്യമാക്കാനുമാകും.