കൂനൂർ
രാജ്യത്തെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടം നടന്ന് മൂന്നാം ദിവസവും തെളിവെടുപ്പ് തുടരുന്നു. എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘത്തോടൊപ്പം തമിഴ്നാട് പൊലീസും അന്വേഷണം നടത്തുന്നു. എഡിഎസ്പി മുത്തു മാണിക്യത്തിന്റെ നേതൃത്വത്തിലാണ് തമിഴ്നാട് പൊലീസ് അന്വേഷണം. നഞ്ചപ്പൻചത്രം ഫാമിലെ തൊഴിലാളികൾ, രക്ഷാപ്രവർത്തനത്തിന് ഓടിക്കൂടിയവർ, മറ്റ് പ്രദേശവാസികൾ ഉൾപ്പെടെ 126 പേരിൽനിന്ന് മൊഴിയെടുത്തു.
അപകടം നടന്ന കാട്ടേരി നഞ്ചപ്പൻചത്രം വനമേഖല പൊലീസിന്റെ സഹായത്തോടെ സൈന്യം അരിച്ചുപെറുക്കുന്നു. ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തി. ഫോറൻസിക്ക് വിഭാഗം തെളിവ് ശേഖരിക്കുന്നു. റോഡിൽനിന്ന് ഒന്നര കിലോമീറ്റർ കുത്തനെ ഉയരത്തിൽ വനത്തിലായിരുന്നു അപകടം.
ഇടുങ്ങിയ വഴിയിലൂടെ വാഹനഗതാഗതം ദുഷ്കരമാണ്. അടിക്കടിയുണ്ടാകുന്ന മൂടൽമഞ്ഞും അന്വേഷക സംഘത്തിന്റെ വേഗം കുറയ്ക്കുന്നുണ്ട്. അപകടം നടന്ന പ്രദേശം സൈന്യം കഴിഞ്ഞ മൂന്നു ദിവസമായി അടച്ചു. മേഖലയിലേക്ക് ആർക്കും പ്രവേശനമില്ല. സായുധരായ സൈന്യം കാവലുമുണ്ട്. വ്യാഴാഴ്ച കണ്ടെത്തിയ ബ്ലാക് ബോക്സ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ സംയുക്ത സൈനിക സംഘം വിശദമായി പരിശോധിക്കും. മാനവേന്ദ്ര സിങ് ഉൾപ്പെടെയുള്ള ഉന്നതർ അടുത്ത ദിവസങ്ങളിൽ അപകടസ്ഥലം സന്ദർശിക്കും.
നീലഗിരിയിൽ കടകൾ അടച്ചിട്ടു
ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് വെള്ളി രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ നീലഗിരി ജില്ലയിലെ കടകൾ അടച്ചിട്ടു. ടാക്സി വാഹനങ്ങൾ ഓടിയില്ല. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും സഞ്ചാരികളുടെ എണ്ണം കുറവായിരുന്നു. ഊട്ടി–- മേട്ടുപാളയം റൂട്ടിൽ രണ്ടു ദിവസമായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം വെള്ളിയാഴ്ച നീക്കി.