ഷാർജ > പൊതുമേഖലയിലെ പ്രവർത്തിദിനങ്ങൾ ആഴ്ചയിൽ നാലുദിവസമാക്കി ചുരുക്കി ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ പ്രഖ്യാപിച്ചു. സുവർണജൂബിലിയോടനുബന്ധിച്ച് നടത്തിയ പ്രഖ്യാപനത്തിൽ ആഴ്ചയിൽ നാലരദിവസം മാത്രമേ സർക്കാർ ഓഫിസുകളുണ്ടാവൂ എന്ന് യുഎഇ അറിയിച്ചിരുന്നു. വെള്ളിയാഴ്ചയിലെ അവധി ഞായറാഴ്ച ദിവസത്തേക്ക് മാറ്റിവച്ച യുഎഇ വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമായി മാറ്റുകയായിരുന്നു. എന്നാൽ ഷാർജ വെള്ളിയാഴ്ച കൂടി പൂർണ അവധി നൽകുകയാണുണ്ടായത്.
2022 ജനുവരി 1 മുതലാണ് പുതിയ തീരുമാനം നടപ്പിലാവുക. രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് പുതിയ പ്രവൃത്തിസമയം. ഫലത്തിൽ ഒരുമണിക്കൂർ മുതൽ ഒന്നരമണിക്കൂർ വരെ ജോലി സമയം ഇങ്ങനെ നീട്ടിയിട്ടുണ്ട്. അതേസമയം മറ്റ് എമിറേറ്റുകളിൽ നാലരദിവസം പ്രവൃത്തിദിനമെന്ന രീതി തുടരും.
പുതിയ പ്രവൃത്തി സമയ പരിഷ്കരണം തൊഴിൽ വിപണിയെ ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്ന് യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾറഹ്മാൻ അൽ അവാർ അഭിപ്രായപ്പെട്ടു. പുതിയ സംവിധാനം തൊഴിൽ വിപണിയെ ആഗോള വിപണിയായും ദേശീയ സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലകമായും പുനഃസ്ഥാപിക്കുമെന്നും, സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാഹ്യ ഇടപാടുകളുടെ തുടർച്ചയെ പ്രാപ്തമാക്കുമെന്നും അതിനാൽ നിക്ഷേപകരുടെയും ബിസിനസ്സ് ഉടമകളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സ്വകാര്യ കമ്പനികളോടും സ്ഥാപനങ്ങളോടും അവരുടെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ആന്തരിക നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തുകൊണ്ട് പുതിയ സംവിധാനത്തിൽ നിന്നുള്ള നേട്ടങ്ങൾ പ്രാപ്തമാക്കണമെന്ന് ഡോ.അബ്ദുൾറഹ്മാൻ അൽ അവാർ അഭ്യർത്ഥിച്ചു. തൊഴിൽ കരാർ പ്രകാരം പരമാവധി ജോലി സമയം നിലനിർത്തുകയും വിശ്രമ ദിനങ്ങൾ, വാർഷിക അവധികൾ അനുവദിക്കുകയും,
വെള്ളിയാഴ്ച ജോലി ചെയ്യാനും പ്രാർത്ഥിക്കുവാനും ജീവനക്കാർക്ക് മതിയായ ഇടവേളകൾ നൽകുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് ബിസിനസ്സ് ഉടമകൾ ജീവനക്കാരോടുള്ള അവരുടെ നിയമപരമായ പ്രതിബദ്ധതകൾ നിറവേറ്റുകയും ചെയ്യണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.