ന്യൂഡല്ഹി > ബിജെപി സര്ക്കാരിന്റെ വേട്ടയാടലില് തടവിലാക്കപ്പെട്ട അഭിഭാഷകയും സാമൂഹ്യപ്രവര്ത്തകയുമായ സുധ ഭരദ്വാജ് ജയില്മോചിതയായി. മുംബൈ വിട്ടുപോകരുത്, പാസ്പോര്ട്ട് സമര്പ്പിക്കണം തുടങ്ങി കര്ശന ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്ഐഎ സമര്പ്പിച്ച ഹരജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മൂന്ന് വര്ഷത്തിലേറെയായി ബൈക്കുള്ള വനിതാ ജയിലില് തടവിലായിരുന്നു സുധ ഭരദ്വാജ്.
ഭീമ കൊറേഗാവ് കേസില് 2018 ആഗസ്ത് 28നാണ് സുധ ഭരദ്വാജ് ഉള്പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടായിരുന്ന മനുഷ്യാവകാശ- ദളിത് പ്രവര്ത്തകരുടെയും ഇടതുപക്ഷ ചിന്തകരുടെയും വസതികളില് വ്യാപകമായി പൊലീസ് റെയ്ഡ് നടത്തിയത്. കേസില് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പുരോഹിതനും ആക്ടിവിസ്റ്റുമായ സ്റ്റാന് സ്വാമി (84) പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചു. കേസിലെ മറ്റൊരു പ്രതിയും കവിയുമായ വരവര റാവുവിന് ഈ വര്ഷം ആദ്യം ആരോഗ്യപരമായ കാരണങ്ങളാല് ജാമ്യം അനുവദിച്ചു.
മലയാളിയും തടവുകാരുടെ അവകാശങ്ങള്ക്കുവേണ്ടിയുള്ള സംഘടനാ പ്രവര്ത്തകനുമായ റോണ വില്സണ്, മനുഷ്യാവകാശ പ്രവര്ത്തകരും ദളിത് ചിന്തകരുമായ ഡോ. ആനന്ദ് തെല്തുംബ്ഡെ, സുധീര് ധാവ്ലെ, സാമൂഹ്യപ്രവര്ത്തകരായ മഹേഷ് റാവത്ത്, ഗൗതം നവ്ലഖ, വെര്ണന് ഗൊണ്സാലസ്, അഭിഭാഷകരായ സുരേന്ദ്ര ഗാഡ്ലിങ്, അരുണ് ഫെരേര, പ്രൊഫ. ഹനി ബാബു, പ്രൊഫ. ഷോമ സെന്, കലാകാരന്മാരായ സാഗര് ഗോര്ഖെ, ജ്യോതി ജഗ്തപ്, രമേശ് ഗെയ്ച്ചൂര് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്.