ന്യൂഡൽഹി > കൂനൂരിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അടക്കം 13 പേർ മരിച്ച സൈനിക ഹെലികോപ്ടർ അപകടം സംബന്ധിച്ച് വ്യോമസേന സംയുക്ത സേനകളുടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. എയർ മാർഷൽ മാനവേന്ദ്ര സിങ്ങ് അന്വേഷണത്തിന് നേതൃത്വം നൽകും. അപകടം സംബന്ധിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്താവന നടത്തവേ പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ് ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ച 11.48ന് സൂലുരില് നിന്ന് പുറപ്പെട്ട ഹെലികോപ്ടര് 12.15ന് വെല്ലിങ്ടണില് എത്തേണ്ടതായിരുന്നു. എന്നാല് 12.08ന് സുലൂര് എയര്ബേസുമായുള്ള ഹെലികോപ്ടറിന്റെ ബന്ധം നഷ്ടമായതായും രാജ്നാഥ് സിങ് പറഞ്ഞു. 14 പേരില് 13 പേരും മരിച്ചതായി പ്രതിരോധമന്ത്രി ഇരുസഭകളെയും അറിയിച്ചു. അപകടം നടന്ന നീലഗിരി ജില്ലയിലെ വെല്ലിങ്ടണിലെത്തിയ വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചതായും രാജ്നാഥ് സിങ് വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചയോടെയാണ് കുനൂരിനു സമീപം സൈനിക ഹെലികോപ്ടർ തകർന്നുവീണ് സംയുക്ത സേന മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ മരിച്ചത്. തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫീസർ പ്രദീപ് അറക്കലും അപകടത്തിൽ മരിച്ചിരുന്നു.