കോഴിക്കോട് > കോഴിക്കോട് നന്മണ്ട ഡിവിഷനിൽ എൽഡിഎഫിലെ റസിയ തോട്ടായിക്ക് ഉജ്വല ജയം. യുഡിഎഫിലെ കെ ജമീലയെ 6753 വോട്ടിനാണ് തോൽപ്പിച്ചത്. കാനത്തിൽ ജമീല നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
മഹിളാ അസോസിയേഷൻ കക്കോടി ഏരിയാ സെക്രട്ടറിയും, സി പി ഐ എം കക്കോടി ഏരിയാ കമ്മറ്റി അംഗവുമാണ് റസിയ തോട്ടായി. 2020ല്‍ വിജയിച്ച കാനത്തില്‍ ജമീല എംഎല്‍എ ആയതോടെയാണ് ഇവിടെ ഒഴിവു വന്നത്. കാനത്തിൽ ജമീല 8094 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്സിലെ സലീന റഹീമിനെ പരാജയപ്പെടുത്തിയത്.
നന്മണ്ട പഞ്ചായത്തിലെ ആകെയുള്ള പതിനേഴ് വാർഡിൽ പന്ത്രണ്ടാം വാർഡ് ഒഴികെ മുഴുവൻ വാർഡുകളും , തലക്കുളത്തൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ,കാക്കൂർ പഞ്ചായത്തിലെ 1, 2, 11, 12, 14, 15വാർഡുകളും , ചേളന്നൂർ പഞ്ചായത്തിലെ 4, 5 വാർഡുകളും ഉൾപ്പെടെ 41 വാർഡുകളടങ്ങിയതാണ് നന്മണ്ട ജില്ലാഡിവിഷൻ. ബിജെപി സ്ഥാനാർത്ഥിയായി എലത്തൂർ നിയോജകമണ്ഡലം സെക്രട്ടറി ഗിരിജ വലിയ പറമ്പിലാണ് മത്സരിച്ചത്.