ഓൺലൈൻ മോർട്ട്ഗേജ് കമ്പനിയായ ബെറ്റർ.കോം-ന്റെ 10,000 ജീവനക്കാരിൽ ഏകദേശം 9 ശതമാനം പേരെയാണ് പിരിച്ചു വിട്ടത്. ഈ തീരുമാനം ബാധിച്ചത് പ്രധാനമായും ഇന്ത്യയിൽ നിന്നും യുഎസിൽ നിന്നുമുള്ള ജീവനക്കാരെയാണ്. “നിങ്ങൾ ഈ കോളിൽ ഉണ്ടെങ്കിൽ, പിരിച്ചു വിടുന്ന നിർഭാഗ്യരായ ഗ്രൂപ്പിന്റെ ഭാഗമാണ് നിങ്ങൾ. ഇവിടെയുള്ള നിങ്ങളുടെ ജോലി ഉടൻ തന്നെ അവസാനിക്കുകയാണ്,” ഗാർഗ് വീഡിയോ കോളിൽ പറഞ്ഞു. പിരിച്ചു വിട്ടവരുടെ കൂട്ടത്തിൽ പെട്ട ഒരു ജീവനക്കാരൻ വീഡിയോ കോൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തായത്.
“എന്റെ കരിയറിൽ ഇത് രണ്ടാം തവണയാണ് ഞാൻ ഇത് ചെയ്യുന്നത്, ഇത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവസാനമായി ഞാൻ ഇത് ചെയ്തപ്പോൾ കരഞ്ഞിരുന്നു. ഇത്തവണ ഞാൻ കൂടുതൽ ശക്തനാകുമെന്ന് പ്രതീക്ഷിക്കുന്നു. വിപണി, കാര്യക്ഷമത, പ്രകടനങ്ങൾ, ഉൽപ്പാദനക്ഷമത എന്നിങ്ങനെ പല കാരണങ്ങളാൽ കമ്പനിയുടെ 15 ശതമാനം ജീവക്കാരെ പിരിച്ചുവിടുകയാണ്,” ഗാർഗ് ഗർ വിഡിയോയിൽ പറയുന്നത് കേൾക്കാം.
ആരാണ് വിശാൽ ഗാർഗ്?
ഡിജിറ്റൽ ഹോം ഓണർഷിപ്പ് കമ്പനിയായ ബെറ്റർ.കോമിന്റെ നിലവിലെ സിഇഓയുടെ ലിങ്ക്ഡ് ഇൻ ബയോ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ് കമ്പനിയായ വൺ സീറോ ക്യാപിറ്റലിന്റെ സഹസ്ഥാപകൻ കൂടെയാണ് ഗാർഗ്. ഇന്ത്യയിൽ നിന്ന് കുടുംബത്തോടൊപ്പം ന്യൂയോർക്കിലേക്ക് മാറുമ്പോൾ ഗാർഗിന് ഏഴ് വയസ്സായിരുന്നു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ ഫിനാൻസും ഇന്റർനാഷണൽ ബിസിനസ്സും പഠിക്കാൻ എൻറോൾ ചെയ്തു. മാത്രമല്ല 2000ൽ തന്റെ ഹൈസ്‌കൂൾ സുഹൃത്തായ റാസാ ഖാനുമായി ചേർന്ന് MyRichUncle എന്ന സ്വകാര്യ വിദ്യാർത്ഥി വായ്പ കമ്പനി ആരംഭിച്ചു.
MyRichUncleനെ പിന്നീട് ധനകാര്യ സ്ഥാപനമായ മെറിൽ ലിഞ്ച് ഏറ്റെടുത്തു. പിന്നീട് ബാങ്ക് ഓഫ് അമേരിക്കയായി ഉടമ. രണ്ട് വർഷത്തിന് ശേഷം MyRichUncle നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ ഗാർഗും ഖാനും മറ്റൊരു കമ്പനി തുടങ്ങി. എന്നാൽ ഇത്തവണ അധികം താമസമില്ലാതെ ഗാർഗും ഖാനും പരസ്പരം മോഷണം ആരോപിച്ച് കേസ് കൊടുത്തു. ഖാനുമായുള്ള നിയമയുദ്ധത്തിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് ബെറ്റർ.കോം സ്ഥാപിക്കുന്നത്.