തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) അടിസ്ഥാന ശമ്പളത്തിൽ മാറ്റമില്ല. ശമ്പളം 81,800 രൂപ തന്നെയായി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. വിഷയത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉയർത്തിയ പ്രതിഷേധം തള്ളിയാണ് സർക്കാർ അന്തിമ ഉത്തരവിറക്കിയത്.
അടിസ്ഥാന ശമ്പളത്തോടൊപ്പം കെഎസ്എസ് ഉദ്യോഗസ്ഥർക്ക് ഗ്രേഡ് പേ, എച്ച്ആർഎ, ഡിഎ എന്നീ മൂന്ന് ആനുകൂല്യങ്ങളും നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൽ ഗ്രേഡ് പേ ഒഴിവാക്കിയാണ് അന്തിമ ഉത്തരവ്. ഇതോടെ 8,100 രൂപയുടെ കുറവ് ശമ്പളത്തിലുണ്ടാകും. ഇതിനുപകരം വാർഷിക ഇൻക്രിമെന്റ് ഉൾപ്പെടുത്തി. പരിശീലനം കഴിയുമ്പോൾ കെഎഎസ് ഉദ്യോഗസ്ഥർക്ക് 2000 രൂപ വാർഷിക ഇൻക്രിമെന്റ് നൽകും.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് കെഎഎസ് ഉദ്യോഗസ്ഥർക്ക് 81,800 രൂപ അടിസ്ഥാന ശമ്പളം നിശ്ചയിച്ച് തീരുമാനമായത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥർക്ക് നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പെഷ്യൽ പേ നൽകണമെന്ന ആവശ്യവുമായി ഐ.എ.എസ്. അസോസിയേഷൻ ശക്തമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.
content highlgihts:KAS basic pay scale order issued, no changes in pay scale