കൊച്ചി: കൊച്ചി മെട്രോയിൽ ശനിയാഴ്ച യാത്രക്കാരുടെ എണ്ണം 50,000 കടന്നു. കോവിഡ് ലോക്ഡൗണിന് ശേഷം സർവീസ് പുനരാരംഭിച്ച കൊച്ചി മെട്രോയിലെ ഏറ്റവും ഉയർന്ന യാത്ര വർധനയാണിത്. ശനിയാഴ്ച 50233 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. കോവിഡിന് മുമ്പ് 65,000 ത്തിലേറെ പേരാണ് മെട്രോയിൽ പ്രതിദിനം യാത്ര ചെയ്തിരുന്നത്. ഇക്കാലയളവിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം ഏറ്റവും ഉയർന്നത് 2018 ജൂൺ 19 നാണ്. 1.56 ലക്ഷം പേരാണ് അന്ന് യാത്രചെയ്തത്.
2019 ഡിസംബർ 31ന് 1.25 ലക്ഷത്തിലേറെ പേർ യാത്രചെയ്തു. കോവിഡും തുടർന്നുള്ള ലോക്ഡൗണിനും ശേഷം സർവീസ് പുനരാരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും പടിപടിയായി വർധിച്ചുവന്നു. ആദ്യത്തെ ലോക്ഡൗണിനുശേഷം പ്രതിദിനം ശരാശരി 18361 പേരാണ് മെട്രോ സർവീസ് ഉപയോഗിച്ചിരുന്നതെങ്കിൽ രണ്ടാം ലോക്ഡൗണിനുശേഷം അത് 26043 പേരായി വർധിച്ചു. നവംബറായതോടെ പ്രതിദിന യാത്രക്കാരുട എണ്ണം 41648ൽ എത്തി. അതാണ് ഇപ്പോൾ 50,000 കടന്നിരിക്കുന്നത്.
വിവിധ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ഫീഡർ സർവീസുകൾ കൂടുതലായി ആരംഭിച്ചതും നിരക്കുകളിൽ ഇളവ് നൽകിയതും, സ്റ്റേഷനുകളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചതും, വിശേഷ ദിവസങ്ങളിൽ സൗജന്യനിരക്കുകൾ നൽകിയതും യാത്രക്കാരുടെ എണ്ണം അനുദിനം വർധിക്കാൻ സഹായകരമായി. സായുധസേന പതാകദിനമായ ചൊവ്വാഴ്ച പ്രതിരോധ സേനയിലുള്ളവർക്കും വിരമിച്ചവർക്കും സൗജന്യനിരക്കിൽ യാത്ര ചെയ്യാം. ഈ വിഭാഗത്തിൽപെടുന്ന 75 വയസിനുമേൽ പ്രായമുള്ളവർക്ക് പൂർണമായും സൗജന്യമായി യാത്ര ചെയ്യാം. 75 വയസിനുതാഴെ പ്രായമുള്ളവർ 50 ശതമാനം നിരക്ക് നൽകിയാൽ മതി.
Content Highlights: Kochi metro records highest number of passengers after covid lockdown