പിറവം> കേരളത്തിന്റെ വനിതാ വോളിബോളിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ തെളിയുന്ന ആദ്യപേരുകളിലൊന്നാണ് കെ സി ഏലമ്മയുടേത്. അർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിത. കോർട്ടിൽ ഇടിമുഴക്കം തീർക്കുന്ന സ്മാഷുകളിലൂടെ വോളിബോൾ പ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ നിരവധി സൂപ്പർതാരങ്ങൾക്ക് ജന്മം നൽകിയ നാമക്കുഴി ഗവ. എച്ച്എസ് സ്പോർട്സ് സ്കൂളായി ഉയർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
400 മീറ്റർ സിന്തറ്റിക് ട്രാക്ക്, വോളിബോൾ, ഷട്ടിൽ, ബാസ്കറ്റ്ബോൾ കോർട്ടുകൾ, ഹോസ്റ്റൽ എന്നിവയടങ്ങിയ സ്പോർട്സ് സ്കൂളാക്കി മാറ്റാൻപറ്റിയ അടിസ്ഥാനസൗകര്യങ്ങൾ ഇവിടെയുണ്ട്.
മണ്ഡലത്തിലെ ഏറ്റവും വലിയ മൈതാനവും ഇവിടെയാണ്.
ഇക്കാര്യങ്ങൾ വ്യക്തമാക്കി പിറവം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, ഉപാധ്യക്ഷൻ കെ പി സലിം എന്നിവർ വിദ്യാഭ്യാസ, ധനമന്ത്രിമാരെ നേരിൽക്കണ്ട് കൈമാറിയിട്ടുണ്ട്.നാമക്കുഴി സഹോദരിമാരായി പിൻതലമുറ അറിഞ്ഞത് കെ സി ഏലമ്മ, പി സി ഏലിയാമ്മ, പി കെ ഏലിയാമ്മ, കെ വി സാറാമ്മ, ലീല, വി വി അന്നക്കുട്ടി, നളിനി, അച്ചാമ്മ സംഘത്തെയാണ്. അക്കാലത്തെ മാധ്യമപ്രവർത്തകരാണ് സ്കൂളിലെ താരങ്ങൾക്ക് ‘നാമക്കുഴി സിസ്റ്റേഴ്സ്’ എന്ന പേര് നൽകിയത്. 1965ലെ ഷില്ലോങ് ദേശീയ സ്കൂൾ ഗെയിംസിൽ കേരള ടീമിലെ ഒമ്പതിൽ എട്ടുപേരും ഇവിടെനിന്നായിരുന്നു.
1915ൽ ആരംഭിച്ച വിദ്യാലയത്തിൽ 1951ൽ ഹൈസ്കൂളും ഗോപി കോട്ടമുറിക്കൽ എംഎൽഎയായിരിക്കെ പ്ലസ്ടുവും അനുവദിച്ചു. 6.5 ഏക്കർ സ്ഥലമുള്ളതിൽ 85 ശതമാനവും മൈതാനമാണ്. മുൻ എംഎൽഎ എം ജെ ജേക്കബ് പ്ലസ്ടു വിഭാഗത്തിന് പുതിയമന്ദിരവും ലാബും നൽകി.
പ്രൊഫ.ടി കെ തോമസ് കൗൺസിലറായിരിക്കെ, 75 ലക്ഷം മുടക്കി നിർമിച്ച ഹൈടെക് ക്ലാസ്മുറികളടങ്ങിയ കെട്ടിടമാണ് അടുത്തിടെയുണ്ടായ പ്രധാന വികസനം. 170 കുട്ടികൾ പഠിക്കുന്നു.