കൊല്ലം > പെരിങ്ങരയുടെ പ്രിയപ്പെട്ട കമ്യൂണിസ്റ്റ് നേതാവിന്റെ കൊലപാതക വാർത്തകളിൽ വിറങ്ങലിക്കുകയാണ് കേരളം. ആ നടുക്കത്തിൽ ആർഎസ്എസ് താലിബാനിസ്റ്റുകൾ നടത്തിയ ഒരു അരുംകൊലയുടെ നിണം പടർന്ന ഓർമയാണ് കൊല്ലത്തിനു പറയാനുള്ളത്. അയത്തിൽ സ്വദേശി സുനിൽകുമാറിനെ കൊന്നിട്ടും വെറിയടങ്ങാതെ കൈവെട്ടി തെരുവിൽ കെട്ടിത്തൂക്കിയ കൊടുംക്രൂരത.
തിങ്കളാഴ്ച കാൽനൂറ്റാണ്ടായ ആ സംഭവം 1996 ഡിസംബർ ആറിനായിരുന്നു. ഡിവൈഎഫ്ഐ അയത്തിൽ അപ്സര യൂണിറ്റ് പ്രസിഡന്റായിരുന്ന സുനിൽകുമാറിനെ പുലർച്ചെയാണ് മാരകായുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ കയറി ആക്രമിച്ചത്. അമ്മയുടെയും ഭാര്യയുടെയും ആറുമാസം പ്രായമുള്ള മകന്റെയും മുന്നിലിട്ട് തലങ്ങുംവിലങ്ങും വെട്ടി. പാതി ജീവനറ്റ വലതു കൈ അറുത്തെടുത്തു.
അന്നുവരെ അഭിമാനത്തോടെ ശുഭ്രപതാകയേന്തിയ ആ കൈ തെരുവിലെ ഡിവൈഎഫ്ഐയുടെ കൊടിമരത്തിൽ കെട്ടിത്തൂക്കി. രാവിലെ കൊടിമരത്തിൽനിന്ന് ചോര ഇറ്റുവീഴുന്ന കാഴ്ച കണ്ടവർക്ക് ഇന്നും ഭീതിയോടെ അല്ലാതെ അത് ഓർക്കാനാകില്ല. ഭീകര സംഘടനകളുടെ അതേ മനോനിലയാണ് ആർഎസ്എസിനെ നയിക്കുന്നതെന്ന് വെളിവാക്കിയ സംഭവമായിരുന്നു ഇത്.
സുനിൽകുമാർ പ്രദേശത്തെ യുവജനങ്ങളെ ഡിവൈഎഫ്ഐയിൽ അണിനിരത്തിയതാണ് ആർഎസ്എസിനെ ചൊടിപ്പിച്ചത്. എന്നാൽ, നാടിനെയാകെ ഭീതിയിലാക്കി ഈ മുന്നേറ്റത്തെ ചെറുക്കാമെന്ന വ്യാമോഹം വർഗീയ കോമരങ്ങൾക്ക് തെറ്റി. മേഖലയിലാകെ ഡിവൈഎഫ്ഐ ശക്തമായ സാന്നിധ്യമായി മാറി.