ഇടുക്കി > ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്ന്ന സാഹചര്യത്തില് ചൊവ്വ രാവിലെ ആറിന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര് തുറക്കും. മൂന്നാം നമ്പറാണ് ഷട്ടര് 40 മുതല് 150 സെന്റീമീറ്റര് വരെ ഉയര്ത്തിയത്. മൂന്നുമാസത്തിനിടെ നാലാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.
സെക്കന്ഡില് 40 മുതല് 150 ഘനയടി (സെക്കന്ഡില് 40,000 മുതല് 1,50,000 ലിറ്റര് വരെ) വെള്ളം പുറത്തേക്ക് ഒഴുകും. ചെറുതോണി അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കലക്ടര് ഷീബ ജോര്ജ് അറിയിച്ചു.
അതിനിടെ, തിങ്കളാഴ്ച രാത്രി തുറന്ന മുല്ലപ്പെരിയാര് അണക്കെട്ടിലെ ഒന്പതു ഷട്ടറുകളില് എട്ടും അടച്ചു. നിലവില് തുറന്നിരിക്കുന്ന ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. മുല്ലപ്പെരിയാറില്നിന്ന് വന് തോതില് വെള്ളം പുറത്തേക്കൊഴുക്കാന് തുടങ്ങിയതോടെ വള്ളക്കടവില് പെരിയാര് തീരത്തെ വീടുകളില് വെള്ളം കയറിയിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
കേരളത്തിന്റെ ആശങ്ക അവഗണിച്ചാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള് തമിഴ്നാട് കൂടുതല് ഉയര്ത്തിയത്. ഒമ്പത് ഷട്ടറുകള് 120 സെന്റി മീറ്റര് അധികമായാണ് ഉയര്ത്തിയത്. ഇതോടെ, 12654.09 ക്യുസെക്സ് ജലമാണ് പെരിയാറിലേക്കെത്തിയത്. ഈ സീസണിലെ ഏര്റവും ഉയര്ന്ന തോതിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. സാധാരണയിലും കൂടുതല് വെളളം തുറന്ന് വിട്ടതോടെ പെരിയാറിലും ജലനിരപ്പ് ഉയര്ന്നു. കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗര്, നല്ല്തമ്പി കോളനി എന്നിവിടങ്ങളില് വെള്ളം കയറി. മുല്ലപ്പെരിയാര് ഡാമില് നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയില് ഷട്ടറുകള് തുറന്ന് വലിയ തോതില് വെള്ളം പുറത്തേക്കൊഴുക്കുന്നതില് നാട്ടുകാര് പ്രതിഷേധിച്ചു.
രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും തമിഴ്നാട് മുല്ലപ്പെരിയാര് അണക്കെട്ട് തുറന്നതില് കേരളത്തിന്റെ പ്രതിഷേധം മേല്നോട്ടസമിതിയെ അറിയിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. സുപ്രീം കോടതിയെയും വിവരം അറിയിക്കും. കേരളത്തിന്റെ പ്രതിഷേധം തമിഴ്നാട് ചീഫ് സെക്രട്ടറിയെയും ചീഫ് എന്ജിനീയറെയും അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നത് സംബന്ധിച്ചും മുന്നറിയിപ്പ് കൂടാതെ അണക്കെട്ട് തുറക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.