ദുബായ് > ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പിന്റെ (UN DESA) പങ്കാളിത്തത്തില്‍ എക്സ്പോ 2020 ലോക ഭിന്നശേഷി ദിനം ആചരിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍, ബിസിനസ് പ്രമുഖര്‍, കലാകാരന്മാര്, കായികതാരങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നെക്സസ് ഫോര്‍ പീപ്പിള്‍ ആന്റ് പ്ലാനറ്റ് വേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഭിന്നശേഷിക്കാരുടെ പങ്കാളിത്തത്തോടെയുള്ള ലോകത്തിന്റെ വളര്‍ച്ച എന്ന പ്രമേയത്തെ ആസ്പദമാക്കി സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ സംസാരിച്ചു. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രി ഹെസ്സ ബിന്ത് ഈസ ബുഹുമൈദ്, യു എന്‍ പ്രതിനിധി മരിയ-ഫ്രാന്‍സെസ്ക സ്പാറ്റോലിസാനോ, ഇന്റര്‍നാഷണല്‍ ഡിസെബിലിറ്റി അലയന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വ്ളാഡിമിര്‍ കുക്ക്, വിക്ടര്‍ പിനേഡ ഫൗണ്ടേഷന് സ്ഥാപക പ്രസിഡണ്ട് ഡോ.വിക്ടര്‍ പിനേഡ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ ഇടപെടാനാകുന്ന ഒരു ലോകം എങ്ങനെ സൃഷ്ടിക്കാം എന്നത് മുതല്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നത് വരെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി നടന്നു.
സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ഡിസംബര്‍ 3നാണ് ലോകഭിന്നശേഷി ദിനം ആചരിക്കുന്നത്. യുഎന്‍ കണക്കുകള്‍ പ്രകാരം, മൊത്തം ജനസംഖ്യയില്‍ ഏകദേശം ഒരു ബില്യണ്‍ ആളുകള്‍, അതായത് 7 ബില്യണ്‍ അല്ലെങ്കില്‍ ലോക ജനസംഖ്യയുടെ ഏകദേശം 15 ശതമാനം, ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുമായി ജീവിക്കുന്നവരാണ്.