മഥുര
ബാബ്റി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിനു മുന്നോടിയായി മഥുരയിലും അയോധ്യയിലും പൊലീസ് സുരക്ഷ വർധിപ്പിച്ചു. മഥുരയിൽ ക്ഷേത്രത്തിന് സമീപമുള്ള പള്ളി കൃഷ്ണന്റെ “യഥാർഥ ജന്മസ്ഥലം’ആണെന്നും ഇവിടെ വിഗ്രഹം സ്ഥാപിക്കണമെന്നുമുള്ള ആവശ്യം അഖില ഭാരത ഹിന്ദു മഹാസഭ ശക്തമാക്കി.
അഖില ഭാരത ഹിന്ദു മഹാസഭ, ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ്, നാരായണി സേന, ശ്രീകൃഷ്ണ മുക്തിദൾ എന്നീ സംഘടനകൾ പരിപാടി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേട്ട് നവനീത് സിങ് ചാഹൽ ഇതിന് അനുമതി നിഷേധിച്ചു.
സമാധാനം തകർക്കാൻ സാധ്യതയുള്ള ഒരു പരിപാടിക്ക് അനുമതി നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതോടെ മൂന്ന് സോണുകളായി തിരിച്ചാണ് സുരക്ഷ ഒരുക്കുന്നത്. മഥുരയിലേക്കുള്ള എല്ലാ പ്രവേശന കേന്ദ്രങ്ങളിലും സേനയെ വിന്യസിച്ച് പരിശോധന ശക്തമാക്കി. നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചു. 1992 ഡിസംബർ ആറിനാണ് സംഘപരിവാർ കർസേവകർ ബാബറി മസ്ജിദ് പൊളിച്ചത്. ബാബറി പള്ളിനിന്ന സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കാൻ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.