ന്യൂഡൽഹി
കശ്മീരിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മോദി ഭരണത്തിൽ അശാന്തമാകുന്നു. നാഗാലാൻഡിൽ സൈന്യത്തിന്റെ വെടിവയ്പിൽ 14 ഗ്രാമീണർ കൊല്ലപ്പെട്ടത് ഒടുവിലെ ഉദാഹരണം. ത്രിപുര, അസം, മണിപ്പുർ സംസ്ഥാനങ്ങളിലും സമീപകാലത്ത് രക്തരൂഷിത ഏറ്റുമുട്ടലുണ്ടായി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാനുള്ള ബിജെപി നീക്കങ്ങളാണ് സംഘർഷങ്ങൾക്ക് വഴിയൊരുക്കുന്നത്. മ്യാൻമർ അതിർത്തിയിൽ തീവ്രവാദികളെ നിർവീര്യമാക്കുന്നതിൽ മോദി സർക്കാരിന് സംഭവിച്ച പാളിച്ചകളും വടക്കുകിഴക്കൻ മേഖലയെ സംഘർഷഭരിതമാക്കി.
ത്രിപുരയിൽ അധികാരം നിലനിർത്താനായി അക്രമത്തിന്റെ പാതയിലാണ് ബിജെപി. ഒക്ടോബർ–- നവംബർ മാസങ്ങളിലായി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് സംഘപരിവാർ വ്യാപക ആക്രമണം നടത്തി. നിരവധി പള്ളികളും വീടുകളും കച്ചവടസ്ഥാപനങ്ങളും തീയിടുകയും നശിപ്പിക്കുകയും ചെയ്തു. പൊലീസും അക്രമികൾക്ക് കൂട്ടുനിന്നു. സംഘപരിവാറിനെ ചെറുക്കുന്ന സിപിഐ എമ്മിന് നേരെയും വ്യാപക ആക്രമണമുണ്ടായി. സിപിഐ എമ്മിന്റെ പാർടി ഓഫീസുകൾ തകർത്തു. ഇവിടെയും പൊലീസ് കാഴ്ചക്കാരായി.
നവംബർ 13ന് മണിപ്പുരിൽ തീവ്രവാദികൾ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും വധിച്ചു. അസമും മറ്റ് സംസ്ഥാനങ്ങളുമായുള്ള അതിർത്തി സംഘർഷവും വടക്കുകിഴക്കൻ മേഖലയെ അശാന്തിയിലാക്കി. കഴിഞ്ഞ ജൂലൈയിൽ അതിർത്തി തർക്കത്തെ തുടർന്ന് മിസോറം പൊലീസിന്റെ വെടിവയ്പിൽ ആറ് അസം പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.
മേഘാലയ, അരുണാചൽ, നാഗാലാൻഡ് സംസ്ഥാനങ്ങളുമായും അസമിന് അതിർത്തി തർക്കമുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എട്ട് സംസ്ഥാനവും എൻഡിഎ ഭരണത്തിലാണ്. അസമും ത്രിപുരയുമടക്കം നാല് സംസ്ഥാനത്തിൽ ബിജെപി ഭരണമാണ്. മറ്റിടങ്ങളിൽ എൻഡിഎ ഭരണവും. രാഷ്ട്രീയമായി അനുകൂല സാഹചര്യമായിട്ടും വടക്കുകിഴക്കൻ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ മോദി സർക്കാരും ബിജെപിയും പരാജയപ്പെടുകയാണ്.