കൊച്ചി: പ്രശസ്ത ഗായകൻ തോപ്പിൽ ആന്റോ (81) അന്തരിച്ചു. കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം.
ചലച്ചിത്ര ഗാനങ്ങൾ, നാടക ഗാനങ്ങൾ, ലളിത ഗാനങ്ങൾ എന്നീ മേഖലകളിൽ തിളങ്ങിയ പ്രതിഭയായിരുന്നു ആന്റോ. നാട്ടിലെ യോഗങ്ങളിലും കല്യാണ വീടുകളിലുമൊക്കെ പാടിനടന്നിരുന്ന ആന്റോയ്ക്ക് നാടകത്തിന്റെ അരങ്ങിലേക്ക് വാതിൽ തുറന്നുകൊടുത്തത് മുൻ കേന്ദ്ര മന്ത്രി എ.സി. ജോർജായിരുന്നു. വിമോചന സമരം കൊടുമ്പിരിക്കൊണ്ട കാലത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നാടകസമിതിയിൽ കയറിപ്പറ്റിയ ആന്റോ അവിടെ നിന്ന് പുതിയ ലോകങ്ങളിലേക്ക് വിജയസഞ്ചാരം തുടർന്നു.
സി.ജെ. തോമസിന്റെ വിഷവൃക്ഷം നാടകത്തിലൂടെ പിന്നണി ഗായകനായി. ആന്റോ, പിന്നീട് മാള മഹാത്മാ തീയറ്റേഴ്സ്, ചാലക്കുടി സൈമ തീയറ്റേഴ്സ്, എൻ.എൻ. പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിൾസ് തീയറ്റേഴ്സ് എന്നിങ്ങനെ നാടക ഗാനങ്ങളുടെ മായാത്ത സ്വരമായി വളർന്നു.
യേശുദാസ് ആദ്യമായി പാടിയ സിനിമയായ കാൽപ്പാടുകൾ സംവിധാനം ചെയ്ത കെ.എസ്. ആന്റണിയാണ് ആന്റോയ്ക്ക് സിനിമാ പിന്നണി ഗായകനായി ആദ്യ അവസരം നൽകിയത്. ഫാദർ ഡാമിയൻ എന്ന ആദ്യ ചിത്രത്തിൽ ബാബുരാജായിരുന്നു സംഗീത സംവിധായകൻ. പിന്നീട് എം.കെ. അർജുനൻ, ദേവരാജൻ, കെ.ജെ. ജോയ് തുടങ്ങിനിരവധി പ്രതിഭകളുടെ സംഗീത സംവിധാനത്തിലും അദ്ദേഹം പാടി.
content highlights:singer thoppil anto passes away