ന്യൂഡൽഹി > വിമാനത്താവളത്തില്‍ പരിശോധനയുടെ ഭാഗമായി ഭിന്നശേഷിക്കാരായ യാത്രക്കാരോട് കൃത്രിമ അവയവം ഊരാൻ ആവശ്യപ്പെടരുതെന്ന് സുപ്രീംകോടതി. ഇത്തരം പരിശോധനാ രീതി മനുഷ്യാന്തസ്സിന് എതിരാണെന്ന് കോടതി നിരീക്ഷിച്ചു.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തക ജീജാ ഘോഷിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ ഹേമന്ത്ഗുപ്ത, വി രാമസുബ്രഹ്മണ്യൻ എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.
ഭിന്നശേഷിക്കാരെ അനുമതിയില്ലാതെ മറ്റൊരാൾ എടുത്ത് വിമാനത്തിൽ കയറ്റുകയോ ഇറക്കുകയോ ചെയ്യരുതെന്നും നിര്‍ദേശിച്ചു. വിമാനത്താവളത്തില്‍ കൃത്രിമക്കാൽ ഊരാൻ നിർബന്ധിച്ചതിനെതിരെ നടിയും നർത്തകിയുമായ സുധ ചന്ദ്രൻ പ്രതിഷേധവുമായി അടുത്തിടെ രംഗത്തെത്തിയിരുന്നു.