പാലാ ജനറൽ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂർ പാലാ റോഡിൽ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കരിക്ക് കുടിക്കുന്നതിനായി ഡ്രൈവർ വാഹനം നിർത്തിയിട്ട സമയത്ത് കരിക്ക് കച്ചവടക്കാരൻ ആംബുലൻസ് ഓടിച്ചതോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ആംബുലൻസ് റോഡിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളിൽ ചെന്നിടിക്കുകയായിരുന്നു.
ആംബുലൻസ് പിന്നോട്ട് എടുത്തപ്പോൾ രണ്ട് ഓട്ടോയിലും ഒരു ബൈക്കിലും ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ഓട്ടോ തലകീഴായി മറിഞ്ഞു. ആബുലൻസ് ഇടിച്ച് പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അപകടസമയത്ത് അംബുലൻസിൽ രോഗികളാരും ഉണ്ടായിരുന്നില്ല.
അലക്ഷ്യമായി വാഹനമോടിച്ചതിന് കരിക്ക് കച്ചവടക്കാരനെതിരെ ഏറ്റുമാനൂർ പോലീസ് കേസെടുത്തു. അപകടം ഉണ്ടായതിന് പിന്നാലെ ഇയാൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആംബുലൻസ് ഡ്രൈവർ കരിക്ക് കുടിക്കുന്നതിനായി ഇറങ്ങിയപ്പോൾ ആംബുലൻസ് ഓടിക്കാനുള്ള കരിക്ക് കച്ചവടക്കാരൻ്റെ ശ്രമമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.