തിരുവല്ല: സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകത്തിനു പിന്നിൽ വ്യക്തിവൈരാഗ്യമെന്ന വാദംതള്ളി സിപിഎം ജില്ലാ നേതൃത്വം. അമ്മയുടെ ജോലിക്കാര്യത്തിൽ ജിഷ്ണുവും സന്ദീപ് കുമാറും തമ്മിൽ തർക്കം ഉണ്ടായിരുന്നു എന്നത് സൃഷ്ടിച്ചെടുത്ത കഥയാണെന്ന് സിപിഎം നേതാവ് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം സനൽകുമാർ പറഞ്ഞു.ട്രാവൻകൂർ ഷുഗേഴ്സിലെ ജോലിയിൽനിന്ന് ആരെയും ബോധപൂർവം ഒഴിവാക്കിയിട്ടില്ല. ജിഷ്ണുവിന്റെ മാതാവ് ഇപ്പോഴും ഇവിടുത്തെ താത്കാലിക ജീവനക്കാരിയാണെന്നാണ് കരുതുന്നതെന്നും സനൽകുമാർ പറഞ്ഞു.
ജിഷ്ണുവിന്റെ അമ്മയ്ക്ക് ജോലി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടോ എന്നത് സംബന്ധിച്ച് പാർട്ടിക്ക് അറിയില്ല. സിഡിഎസ് ആണ് ജോലി കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുള്ളത്. അതിൽ സന്ദീപിനോ പാർട്ടിക്കോ ഒരു പങ്കുമില്ല. അതിൽ സന്ദീപുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള തർക്കങ്ങളും ഇല്ല. ജിഷ്ണുവിന്റെ അമ്മ ഉൾപ്പെടെയുള്ളവർക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും ആർ. സനൽകുമാർ പറഞ്ഞു.
പ്രധാന പ്രതിയായ ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ബിവറേജസ് കോർപ്പറേഷന്റെ കീഴിൽ തിരുവല്ല പുളിക്കീഴ് പ്രവർത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ ജിഷ്ണുവിന്റെ അമ്മയ്ക്ക് താത്കാലിക അടിസ്ഥാനത്തിൽ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാർ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് നേരിയ തോതിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നെന്നായിരുന്നു വാർത്ത.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അര കിലോമീറ്റർ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാർഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പിറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസി കൂടിയായ കേസിലെ മുഖ്യപ്രതി ഇരുപത്തിമൂന്നുകാരനായ ജിഷ്ണു, സുഹൃത്ത് പ്രമോദ്, നന്ദു, കണ്ണൂർ സ്വദേശി ഫൈസൽ എന്നിവരെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകമാണ് അറസ്റ്റ്.
കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്.ആണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. എന്നാൽ, ബി.ജെ.പി.ക്കോ സംഘപരിവാർ പ്രസ്ഥാനങ്ങൾക്കോ പങ്കില്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് പറഞ്ഞു.
Content Highlights: CPMreacts on murder of cpm leader in thiruvalla